കോട്ടയം ചിങ്ങവനത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

കോട്ടയം ചിങ്ങവനത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. ചിങ്ങവനം സ്വദേശി സിബി ചാക്കോയാണ് ഇന്നലെ പൊതുവഴിയിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. അതേസമയം, ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയ വിദ്യാർത്ഥിനി രേവതി വി. കുറിപ്പിന് അഭിനന്ദന പ്രവാഹമാണ്. മറ്റൊരുപെൺകുട്ടിക്കും ഈ ദുരനുഭവം ഉണ്ടാവരുതെന്ന ചിന്തയിലാണ് സാഹചര്യത്തെ ധൈര്യത്തോടെ നേരിട്ടതെന്ന് രേവതി.കോട്ടയം ചിങ്ങവനത്ത് പൊതുവഴിയിൽ ഇന്നലെ പട്ടാപ്പകലായിരുന്നു പെൺകുട്ടിക്ക് മുന്നിൽ യാവാവിന്റെ നഗ്‌നതാ പ്രദർശനം.

ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് കോടിമത സ്വദേശിനി രേവതി വി. കുറിപ്പിന് ദുരനുഭവം. ആദ്യം ഭയന്നെങ്കിലും മുന്നോട്ട് നീങ്ങി, മൊബൈൽ ഫോണിൽ ദൃശ്യങ്ങ്ൾ പകർത്തി. ‘വരുന്ന വഴി ഒരാൾ ബൈക്കിൽ നിൽക്കുന്നത് കണ്ടു. ഞാൻ അടുത്തേക്ക് വന്നപ്പോൾ മുണ്ട് മാറ്റുന്നതുകണ്ടാണ് ഫോൺ എടുത്തത്. ഫോൺ എടുത്തപ്പോൾ പോകുമെന്നാണ് കരുതിയത്. അപ്പോഴാണ് വിഡിയോ എടുത്തത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഒരാളെ കാത്ത് നിക്കുകയാണെന്നാണ് പറഞ്ഞത്. എന്റെ കൈയിലിരുന്ന കുട കൊണ്ട് പറ്റുന്ന പോലെ അയാളെ അടിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചുവച്ച് രീതിയിലായിരുന്നു’ രേവതി പറഞ്ഞു.


അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ശേഷമാണ് പോലീസിന് ദൃശ്യങ്ങൾ അയച്ചു നൽകിയത്. ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തി പരാതിയും നൽകി.
സംഭവത്തിൽ കോട്ടയം മന്ദിരം സ്വദേശിയായ സിബി ചാക്കോയെ ചിങ്ങവനം പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചു വച്ചാണ് ഇയാൾ സഞ്ചരിക്കുന്നത്. ഭാര്യയുമായി അകന്നു താമസിക്കുന്ന സിബിക്കെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു.

