KOYILANDY DIARY.COM

The Perfect News Portal

ദമ്പതിമാർ പുഴയിൽ ചാടിയ സംഭവം: കാണാതായ ഭർത്താവിനായി തിരച്ചിൽ തുടരുന്നു

ദമ്പതിമാർ പുഴയിൽ ചാടിയ സംഭവം: കാണാതായ ഭർത്താവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം മഞ്ചേരി ജെ.ടി.എസ്. സ്കൂളിനു സമീപം തട്ടാൻപുറത്ത് വീട്ടിൽ ജിതിൻ (30), ഭാര്യ വർഷ (23) എന്നിവരാണ് ഞായറാഴ്ച രാവിലയോടെ ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.

ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ലോറിയിലെ ഡ്രൈവർ ഇരുവരും പുഴയിൽ ചാടുന്നത് കണ്ടു. ഉടൻതന്നെ വണ്ടി നിർത്തി, ലോറിയിൽ ഉണ്ടായിരുന്ന കയർ പുഴയിലേക്കിട്ടു കൊടുത്തു. യുവാവ് ഒഴുക്കിൽപ്പെട്ടെങ്കിലും മുങ്ങിത്താഴുന്ന യുവതി കയറിൽപ്പിടിച്ചു. ഈസമയം പുഴയിൽ മീൻപിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തുകയും യുവതിയെ തോണിയിൽ കയറ്റി കരയ്ക്കെത്തിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയ യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

കാണാതായ ജിതിനായുള്ള ഫയർഫോഴ്സ് സ്കൂബ വിഭാഗത്തിന്റെ തിരച്ചിൽ മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഞായറാഴ്ച വൈകീട്ടോടെ നിർത്തി വെച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാംരഭിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആറുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം മഞ്ചേരി സബ് രജിസ്ട്രാഫീസിൽ നടന്നത്. കുടുംബപരമായ തർക്കങ്ങളാണ് ഇരുവരും പുഴയിലേക്കു ചാടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Share news