ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

തൃശൂർ: ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.

അയൽവാസികളാണ് ഗ്രെയ്‌സിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗ്രെയ്‌സിയെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുടർന്ന് ബാബു തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.

