പുകവലിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ യുവാവ് കത്തി വീശി

പുകവലിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ യുവാവ് കത്തി വീശി. കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി ഇർഫാൻ (19) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത്. പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ടൗൺ പോലീസിന്റെയും ആന്റി നാർകോട്ടിക് സംഘത്തിന്റെയും നേതൃത്വത്തിൽ സ്ഥിരമായി നടക്കുന്ന പരിശോധനയിൽ രണ്ടു പേർ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഇത് ചോദ്യംചെയ്തപ്പോൾ ഇർഫാൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച നാർകോട്ടിക് സ്ക്വാഡിലെ സി.പി.ഒ ശ്യാംജിത്തിന് വലതുകൈയ്ക്ക് പരിക്കേറ്റു. ഉടനെ പ്രതികൾ ഓടിപ്പോവുകയും ചെയ്തു.

പിന്നീട് ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇർഫാനെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

