എക്‌സൈസിന് ഗുരുതര വീഴ്ച; ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കിടന്നു. പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട്

എക്‌സൈസിന് ഗുരുതര വീഴ്ച; ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കിടന്നു. പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ രംഗത്ത്. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍ ഷീല നടത്തി വന്ന ബ്യൂട്ടിപാര്‍ലറില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്‌സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് സംഘം അന്ന് പറഞ്ഞത്.

എന്നാൽ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടികൂടിയത് ലഹരി മരുന്നല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പരിശോധനയുടെ ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്. തുടർന്നാണ് തനിക്കു നേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തിയത്.

ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും താൻ നേരിട്ടത് കടുത്ത അപമാനമാണെന്നും ഷീല പറഞ്ഞു . തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ എക്സൈസ് തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.

പിടിച്ചെടുത്തെന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചതെന്നും അതെന്താണെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും വീട്ടമ്മ പറയുന്നു. ‘എനിക്ക് മറ്റ് ശത്രുക്കളുമില്ല. ഒരു ചെറിയ പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ജയിലില്‍ കിടന്നതെന്നും’ ബ്യൂട്ടി പാർലർ ഉടമ വെളിപ്പെടുത്തി. ഷീലയില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നായിരുന്നു എക്സൈസ് നല്‍കിയ വിവരം.
