KOYILANDY DIARY.COM

The Perfect News Portal

ചെടിച്ചട്ടിയിൽ കഞ്ചാവ്; മലയാള മനോരമക്കെതിരെ നഗരസഭാ കൗൺസിലർമാരുടെ പ്രതിഷേധം

 വടകര നഗരസഭയെ അപകീർത്തിപ്പെടുത്താനായി വ്യാജവാർത്ത നൽകിയ മലയാള മനോരമക്കെതിരെ നഗരസഭാ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും നടത്തി. നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ നഗരസഭ പഴയ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടിയാണ്‌ വളർത്തിയത്‌ എന്ന വ്യാജവാർത്ത നൽകിയ മനോരമക്കുള്ള താക്കീതായി പ്രതിഷേധം.
ചട്ടിയിൽ ചെടിക്കൊപ്പം വളർന്നത് കഞ്ചാവ് ചെടിയല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ്‌ മനോരമ വടകര നഗരസഭയെ അപകീർത്തിപ്പെടുത്താനായി വ്യാജവാർത്ത മെനഞ്ഞത്‌. അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വൈസ് ചെയർമാൻ പി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കെ കെ. വനജ അധ്യക്ഷയായി. സി കെ .കരീം, പി കെ സതീശൻ എന്നിവർ സംസാരിച്ചു. ടി കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

 

Share news