KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു

ഇടുക്കി അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.30നോടടുത്താണ് സംഭവം. കൊരങ്ങാട്ടി കട്ടിലാനിയ്ക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തലമാലി കൊല്ലിയത്ത് സിറിയക്കി(അനീഷ് 37)നെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. ശരീരത്തിൽ പലഭാഗത്തായി കുത്തേറ്റ സാജൻ തൽക്ഷണം മരണപ്പെട്ടതായിട്ടാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് അനീഷ് കുടുങ്ങിയത്. കാപ്പ കേസിൽപ്പെട്ട് അടുത്തിടെ അനീഷ് ജയിലായിരുന്നു. മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചുവന്നിരുന്നു. താൻ ജയിലിലായിരുന്ന സമയത്ത് യുവതിയെയും ഈ കുട്ടിയെയും സാജൻ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് സിറിയക് പൊലീസിനോട് പറഞ്ഞത്. അടിമാലി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചു.

Advertisements
Share news