ഒഡിഷ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും ട്രെയിൻ പാളം തെറ്റൽ

ഒഡിഷ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും ട്രെയിൻ പാളം തെറ്റൽ. ഒഡിഷയിലെ തന്നെ ബർഗ ജില്ലയിൽ മെന്ധപാലിയിലാണ് സംഭവം. ദുങ്കുരിയിൽ നിന്ന് ബർഗയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്കുതീവണ്ടിയാണ് അപകടത്തിൽ പെട്ടത്. ചുണ്ണാമ്പുകല്ലുമായാണ് ഈ ട്രെയിൻ സഞ്ചരിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.


കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.


260 പേരിൽ 202 പേർ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ് ഭുവനേശ്വർ, എഎംആർഐ ഭുവനേശ്വർ, SUM ആശുപത്രി, ക്യാപിറ്റൽ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വർ, ഹൈടെക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്.

