കളിക്കിടെ ആദിലിന്റെ തല കലത്തിലായി

പറവൂര്‍: കലമെടുത്ത് തലയില്‍ കമഴ്ത്തിയപ്പോഴും കുഞ്ഞ് ആദിലിന് കളി തന്നെയായിരുന്നു. പക്ഷേ, തട്ടിയും മുട്ടിയും കുടഞ്ഞും വലിച്ചും നോക്കിയിട്ടും തലയൂരാനാവാതെ വന്നപ്പോള്‍ കളി കാര്യമായി. ആദില്‍ കരച്ചിലായി. അടുക്കളയില്‍ ഇരുന്ന് പാത്രങ്ങള്‍ െവച്ചു കളിക്കുകയായിരുന്നു ഒരു വയസ്സുകാരന് ആദില്‍. ആദിലിന്റെ കരച്ചില് കേട്ട് അമ്മയും മറ്റും ഓടിയെത്തിയപ്പോഴാണ് പാത്രം തലയില്‍ കുടുങ്ങിയതായി കണ്ടത്.
കുന്നുകര വയല്‍ക്കര ഇട്ടിയോടത്ത് സഗീറിന്റെയും ഹസീനയുടെയും മകന് ആദില്‍ അമീന്റെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. സ്റ്റീല്‍പാത്രത്തിന്റെ ഒരു വശം ചളുങ്ങിയിരുന്നതിനാല് തലയില്‍ നിന്ന് ഊരാനായില്ല.
അത്രയെളുപ്പം പ്രശ്നത്തില്‍ നിന്ന് തലയൂരാനാവില്ലെന്ന് വന്നപ്പോള്‍ വീട്ടുകാര്‍ ഉടനെ കുഞ്ഞിനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് ശ്രമിച്ചുനോക്കി. തല കലത്തിലാണെന്നതൊഴിച്ചാല് കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലല്ലോ! ആശുപത്രിയില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു! ചെയ്യാവുന്ന പ്രാഥമിക ശുശ്രൂക്ഷകള്‍ നടത്തി.

സ്റ്റീല്‍പാത്രം മുറിച്ചുമാറ്റുന്നതിന് പറവൂര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. പാഞ്ഞെത്തിയ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി.ജി. റോയിയുടെയും ലീഡിങ് ഫയര്മാന് യു.വി. ഷിബുവിന്റെയും നേതൃത്വത്തിലുള്ള സംഘം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍പാത്രം മുറിച്ചു നീക്കി. കുരുക്കില്‍ നിന്ന് തലയൂരിയതോടെ, അതുവരെ കരഞ്ഞുകൊണ്ടിരുന്ന ആദില്‍ അമീന് ചിരിച്ച് ഉഷാറായി വല്യുമ്മയുടെ ഒക്കത്തുകയറി ഇരിപ്പായി.

