ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായി

ഡല്‍ഹി : 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായി. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ വെള്ളിയായെന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്. ഈ മെഡല്‍ തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറും വെള്ളി മെഡല്‍ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ റിയോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോയ യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

