കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരെ മർദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരെ മർദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന, സംഘം ചേർന്ന് മർദ്ദനം, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2022 ഓഗസ്റ്റ് 31 ന് മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റത്. മെഡിക്കൽ സൂപ്രണ്ടിനെ കാണാൻ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. ഒരു പുരുഷനും സ്ത്രീയും മെഡിക്കൽ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോൾ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചു. ഇതേ തുടർന്നാണ് വാക്കുതർക്കം ഉണ്ടായത്.

ഇതിന് പിന്നാലെ 15 ഓളം ആളുകൾ കൂട്ടമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടികൊണ്ടു നിലത്തു വീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകൾ ചവിട്ടിക്കൂട്ടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
