KOYILANDY DIARY.COM

The Perfect News Portal

ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ അത് സമാഹരിക്കുന്നതിനായി പതിനഞ്ചുകാരന്‍ പരസ്യമായി ഭിക്ഷയെടുക്കുന്നു

ചെന്നൈ: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മുഖം തുറന്നുകാട്ടി തമിഴ്നാട്ടില്‍ നിന്നൊരു കൗമാരക്കാരന്‍. ഇവന്‍റെ പരിശ്രമത്തിന് ഒരു നാടുമുഴുവന്‍ പിന്തുണയും നല്‍കുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ലഭിക്കുന്നത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ അത് സമാഹരിക്കുന്നതിനായി ഈ പതിനഞ്ചുകാരന്‍ പരസ്യമായി ഭിക്ഷയെടുക്കുകയാണ്. പയ്യന് പിന്തുണയുമായി ഗ്രാമം മുഴുവന്‍ മുന്നോട്ടുവന്നു.
ഉല്ലുന്ദുര്‍പേട്ട് സ്വദേശി കെ.അജിത് കുമാര്‍ എന്ന കൗമാരക്കാരനാണ് തെരുവില്‍ ഭിക്ഷയെടുക്കുന്നത്. അജിതിന്‍റെ അച്ഛന്‍ കര്‍ഷകനായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് വൃക്കരോഗം ബാധിച്ച്‌ മരിച്ചത്. അജിതിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 12,500 രൂപ സഹായവും പ്രഖ്യാപിച്ചു.

ഇത് വാങ്ങാന്‍ സര്‍ക്കാര്‍ ഓഫീസിലെത്തിയ അജിതിനോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് 3000 രൂപയാണ്. ഇത് നല്‍കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ ഉദ്യോഗസ്ഥന്‍ സഹായം നിഷേധിച്ചു. ഇതോടെയാണ് അജിത് പൊതുനിരത്തില്‍ ഭിക്ഷയെടുക്കാന്‍ ഇരുന്നത്.

ആദ്യം അവര്‍ 10,000 രൂപയാണ് ചോദിച്ചത്. അതിനു കഴിയില്ലെന്ന് അറിയിച്ചതോടെ 3000 രൂപയെങ്കിലും നല്‍കണമെന്ന് നിര്‍ബന്ധിച്ചു. അമ്മയുടെ പേരില്‍ നല്‍കിയ ചെക്ക് തന്‍റെ പേരിലേക്ക് മാറ്റിനല്‍കുന്നതിനാണ് ഇത്രയധികം തുക ഓഫീസര്‍ ചോദിച്ചതെന്ന് അജിത് പറഞ്ഞു. അമ്മയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. അതിനാലാണ് തന്‍റെ പേരില്‍ ചെക്ക് ചോദിച്ചതെന്നും അജിത് പറഞ്ഞു.

Advertisements

അതേസമയം, അജിതിന്‍റെ സമരം നാട്ടുകാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാര്‍ ഉണര്‍ന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റുകയും ധനസഹായം അജിതിന്‍റെ അക്കൗണ്ടിലേക്ക് ഇന്ന് മാറ്റുകയും ചെയ്തു.
അച്ഛന്‍റെ സംസ്കാര ചടങ്ങിനും മറ്റുമായി എടുത്ത 15,000 രൂപയുടെ ബാധ്യത അജിതിന് വേറെയുമുണ്ട്. അതേസമയം, നടപടി പഞ്ചായത്തിനെ അവഹേളിക്കുന്നതാണെന്നു കാണിച്ച്‌ പഞ്ചായത്ത് അധികൃതര്‍ അജിതിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share news