KOYILANDY DIARY.COM

The Perfect News Portal

ബിജെപിയും കേന്ദ്രസർക്കാരും വിലക്കി: കോഴിക്കോട് DYFI ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു

കോഴിക്കോട്‌: ബിജെപിയും കേന്ദ്രസർക്കാരും വിലക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുമായി യുവതയുടെ സാംസ്‌കാരിക പ്രതിരോധം.
ഗുജറാത്ത്‌ വംശഹത്യയുടെ പശ്ചാത്തലത്തിൽ മോദിയെക്കുറിച്ച്‌ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി നാട്‌ കണ്ടു. രണ്ടു ഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കോഴിക്കോട്‌ നഗരത്തിൽ പ്രദർശിപ്പിച്ചത്‌.
എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ പലയിടങ്ങളിലും പ്രദർശനമുണ്ടായി. വിലക്കിനൊപ്പമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്‌ കേരളമെന്നതിന്റെ വിളംബരമായി പ്രദർശനം. സംസ്ഥാനത്തെ ആദ്യ പ്രദർശനം കോഴിക്കോട്‌ നഗരത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനംചെയ്‌തു.
2000 കേന്ദ്രത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. സരോജ്‌ ഭവനിൽ ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിനാൻ ഉമ്മർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ്‌, ട്രഷറർ ടി കെ സുമേഷ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ അരുൺ, ദിപു പ്രേംനാഥ്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ആർ ഷാജി സ്വാഗതം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
Share news