KOYILANDY DIARY.COM

The Perfect News Portal

പച്ചക്കറികൃഷിക്കാര്‍ക്ക് മൂന്നുലക്ഷം രൂപ പലിശരഹിത വായ്പ: കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍

മൂന്നാര്‍ : പച്ചക്കറികൃഷിക്കാര്‍ക്ക് മൂന്നുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വട്ടവടയില്‍ ശീതകാല പച്ചക്കറി- പഴവര്‍ഗ കര്‍ഷകരുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.കാന്തല്ലൂരിനെ അപേക്ഷിച്ച്‌ നാലിരട്ടി പച്ചക്കറിയാണ് വട്ടവടയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഓണക്കാലത്ത് സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി വട്ടവടയില്‍നിന്ന് സംഭരിക്കും.

ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ പൂര്‍ണമായി സംരക്ഷിക്കുന്നതിന് ഹോര്‍ട്ടി കോര്‍പ്പ് വഴി പച്ചക്കറികള്‍ സംഭരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. നല്ലയിനം വിത്ത് കര്‍ഷകന് ലഭിക്കുന്നതിന് വട്ടവടയില്‍ വിത്തുല്‍പ്പാദനകേന്ദ്രം സ്ഥാപിക്കും. വട്ടവടയില്‍ പ്രതിവര്‍ഷം 46,000 മെട്രിക് ടണ്‍ പച്ചക്കറിയാണ് ഉല്‍പാദിപ്പിക്കുന്നത്. ആദിവാസികള്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ സംഭരിക്കുന്നതിന് മാര്‍ക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വട്ടവടയിലെ ജലസ്രോതസുകള്‍ക്ക് ഭീഷണിയായിനില്‍ക്കുന്ന ഗ്രാന്റ്ീസ് കൃഷി പൂര്‍ണമായും നിരോധിക്കണം. കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കാത്ത സംഘങ്ങളെ പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9.30ഓടെ വട്ടവടയിലെത്തിയ മന്ത്രി ചിലന്തയാര്‍, പഴത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളില്‍ സന്ദര്‍ശനംനടത്തി. എസ് രാജേന്ദ്രന്‍ എംഎല്‍എ, കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisements
Share news