ഇഞ്ചോടിഞ്ച് പോരാട്ടം… ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി
ഖത്തറിൽ തീപാറുന്നു… ഇഞ്ചോടിഞ്ച് പോരാട്ടം… ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി. എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടു നിന്ന മെസി പടയെ വിറപ്പിച്ച് രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 81ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് അർജന്റീന. മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ നിക്ഷേപിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു.

കലാശ പോരിന്റെ മുഴുവൻ ചൂടും ആവേശവും നിറഞ്ഞ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ അർജന്റീന രണ്ടു ഗോളിന് മുന്നിൽ നിന്നിരുന്നു. മെസ്സി, ഡി മരിയ എന്നിവരാണ് ഫ്രഞ്ച് വല കുലുക്കിയത്. മെസിയുടെ വകയായിരുന്നു ആദ്യ ഗോൾ. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയെന്ന റെക്കോർഡും മെസി സ്വന്തമാക്കി.

