KOYILANDY DIARY

The Perfect News Portal

പുനലൂരില്‍ നിന്ന് അച്ചന്‍കോവിലേക്ക്!

കേരളത്തിലെ പശ്ചിമമലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനനപാതയിലൂടെയുള്ള യാത്ര. പ്രശസ്തമായ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചന്‍കോവിലിലേക്ക് പുനലൂരില്‍ നിന്ന് ഒരു യാത്ര ചെയ്താല്‍ അത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും. മാത്രമല്ല പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.

പശ്ചിമഘട്ട വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ എത്തിച്ചേരാന്‍ വനത്തിന് നടുവിലൂടെ സഞ്ചാര യോഗ്യമായ രണ്ട് റോഡുകളുണ്ട്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചേരാവുന്നതാണ് ഒന്ന്. രണ്ടമത്തേത് കേരളത്തില്‍ നിന്ന് എത്തിച്ചേരാവുന്നതും. കേരളത്തിലെ പുനലൂരില്‍ നിന്നാണ് അച്ചന്‍കോവിലിലേക്ക് ഈ റോഡ് തുറക്കുന്നത്. പുനലൂര്‍ നഗരത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍‌കോവിലില്‍ എത്തിച്ചേരാം.

പുനലൂരില്‍ നിന്ന് അച്ചന്‍കോവിലേക്ക്!

പോകേണ്ട വഴി

Advertisements
  • പുനലൂര്‍ >അലിമുക്ക് >കരവൂര്‍ >മുല്ലുമല >ആച്ചന്‍കോവില്‍

പുനലൂരില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ ആദ്യത്തെ 20 കിലോമീറ്റര്‍ റോഡ് യാത്ര യോഗ്യമാണ്. തെക്കന്‍‌ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള ഈ റോഡരികില്‍ റബ്ബര്‍ തോട്ടങ്ങളാകും സഞ്ചാരികള്‍ക്ക് കാണാനാവുക. ഗ്രാമങ്ങളെ മറികടന്ന് വനമേഖലയില്‍ എത്തുമ്പോള്‍ കാഴ്ചകള്‍ സുന്ദരമാകുകയും വഴി മോശമാകുകയും ചെയ്യും.

നിബിഢ വനത്തിലൂടെ വേണം ഏകദേശം 15 കിലോമീറ്ററോളമുള്ള യാത്ര. കുറേ ദൂരം വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ റോഡിന് സമാന്തരമായി ഒരു നദി ഒഴുകുന്നത് കാണാം. പ്രശസ്തമായ അച്ചന്‍കോവില്‍ ആറാണ് അത്. അച്ചന്‍‌കോവില്‍ ഗ്രാമത്തിലേക്കാണ് ഒരേസമയം നദിയും റോഡും നീങ്ങുന്നത്. അതിനാല്‍ അച്ചന്‍കോവിലിലേക്കുള്ള വഴികാട്ടിയാണ് ഈ നദിയെന്ന് വേണമെങ്കില്‍ പറയാം.

ഈ റോഡിലൂടെ അത്രയധികം വാഹനങ്ങളൊന്നും ഉണ്ടാകില്ല. വല്ലപ്പോഴും ഓടുന്ന കെ എസ് ആര്‍ ടി സി ബസുക്കള്‍, ജീപ്പുക‌ള്‍ ഇവകൂടാതെ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഇത്രയൊക്കെ വാഹനങ്ങളേ ഈ റോഡില്‍ കാണാന്‍ കഴിയു.

മറ്റൊരു വഴി

  • പുനലൂര്‍ >ചെങ്കോട്ട >അച്ചന്‍കോവില്‍

വനത്തിലൂടെയുള്ള യാത്ര അത്ര പരിചയമല്ലെങ്കില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊരു റോഡുണ്ട്. ചെങ്കോട്ട വഴിയാണ് ഈ റോഡ് പോകുന്നത്. എന്നാല്‍ ഏകദേശം 75 കിലോമീറ്റര്‍ യാത്ര ചെയ്യണം. പുനലരില്‍ നിന്ന് 50 കിലോമീറ്റര്‍ ആണ് ചെങ്കോട്ടയിലേക്കുള്ള ദൂരം. അവിടെ നിന്ന് 25 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്ത് വേണം അച്ചന്‍ കോവിലില്‍ എത്തിച്ചേരാന്‍.

കെ എസ് ആര്‍ ടി സി

പുനലൂരില്‍ നിന്ന് അച്ചന്‍കോവിലിലേക്ക് ചെങ്കോട്ട വഴിയും മുല്ലുമല വഴിയും കെ എസ് ആര്‍ ടി സി ബസ് ഉണ്ട്. വൈകുന്നേരം 5.30നാണ് അച്ചന്‍കോവിലില്‍ നിന്ന് പുനലൂരിലേക്കുള്ള അവസാന ബസ് പുറപ്പെടുന്നത്. ചെങ്കോട്ട വഴിയാണ് ഈ ബസ് പുനലൂരി‌ല്‍ എത്തുന്നത്. ഈ ബസ് മിസ് ആയാല്‍ പിന്നെ പുനലൂരില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കും.

അച്ച‌ന്‍കോവിലിലേ കാഴ്ചകള്‍

  • അച്ചന്‍കോവില്‍ ഗ്രാമം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലാണ് അച്ചന്‍കോവില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശാസ്താ ക്ഷേത്രം ഏറേ പ്രശസ്തമാണ്. കേരളത്തെ രക്ഷിക്കാന്‍ പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം.

  • അച്ചന്‍കോവിലാറ്

കേരളത്തിലേ ഏറെ പ്രശസ്തമായ നദികളില്‍ ഒന്നാണ് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ നദിക്ക് ആ പേര് ലഭിച്ചത്. പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചന്‍കോവിലാറ്.

പുനലൂരില്‍ നിന്ന് അച്ചന്‍കോവിലേക്ക്!

 

  • അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രം

മലയാളികളേക്കാള്‍ തമിഴരാണ് ഈ ക്ഷേത്രത്തില്‍ കൂടുതലായി എത്താറുള്ളത്. പാമ്പ് കടിയേറ്റവര്‍ക്ക് മരുന്നായി ഇവിടുത്തെ തീര്‍ത്ഥമാണ് നല്‍കുന്നത്. പത്നിയോടൊപ്പം നി‌ല്‍ക്കുന്ന ശാസ്താവിന്റെ പ്രതിഷ്ടയാണ് ഇവിടെയുള്ളത്.