മലയാളികളായ ഫുട്‌ബോള്‍ പ്രേമികളുടെ എകീകൃത ഫുട്‌ബോള്‍ കുട്ടായ്മ നിലവില്‍ വന്നു
        ദുബായ്: യുഎഇ യില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളികളായ ഫുട്‌ബോള്‍ പ്രേമികളുടെ എകീകൃത ഫുട്‌ബോള്‍ കുട്ടായ്മ നിലവില്‍ വന്നു. യുഎഇ യില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലെ കായിക പ്രേമികളും ഫുട്‌ബോള്‍ ടീമുകളും ഒരുമിച്ചാണ് കെഫ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ മേളകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഒരു എകീകൃത രൂപം കൊണ്ടുവരുകയും, പ്രവാസി മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കുടുതല്‍ അവസരങ്ങളും, സഹായവും നല്‍കുക എന്ന ലക്ഷ്യത്തൊടെയാണ് കെഫ എന്ന പേരില്‍ ഇവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഫുട്‌ബോള്‍ സ്‌നേഹികളുടെ പ്രിയപ്പെട്ട രാജ്യമായ യുഎഇ യില്‍ മലയാളി സംഘടനകള്‍ ഒരു സീസണില്‍ 60 ല്‍ അധികം ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കാറുണ്ട്. ആഴ്ചയില്‍ രണ്ട് ഫുട്‌ബോള്‍ മത്സരങ്ങളെങ്കിലും ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളുടെ അതിപ്രസരം കൊണ്ട് താരങ്ങള്‍ക്ക് ഏല്‍ക്കുന്ന പരിക്കും, മറ്റു കാരണവും മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ പൊലിമ പലപ്പോഴും നഷ്ടപ്പെടുത്താറുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ക്ലബ്ബുകള്‍ക്കും കായിക താരങ്ങള്‍ക്കും ടൂര്‍ണ്ണമന്റ് കമ്മിറ്റികള്‍ക്കും ഇടയില്‍ ഒരു എകീകൃത രൂപം കൊണ്ടു വരുകയും കുടുതല്‍ മികച്ച രീതിയില്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇത്തരത്തിലുള്ള സംഘടനക്ക് ഇവര്‍ രൂപം നല്‍കിയത്. രാജ്യത്തുള്ള പല പ്രമുഖ കമ്പനികള്‍ക്കും അവരുടെ പേരില്‍ ഫുട്‌ബോള്‍ ക്ലബുകള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ 50ലധികം മലയാളി ഫുട്‌ബോള്‍ ടീമുകള്‍ യുഎഇ യിലുണ്ട്. കായിക മികവില്‍ മാത്രം ജോലി ലഭിച്ച ഫുട്‌ബോള്‍ താരങ്ങള്‍ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും മത്സരങ്ങള്‍ക്ക് ഇടയിലുണ്ടാക്കുന്ന പരിക്കുകള്‍ കാരണം തുടര്‍ ചികിത്സക്ക് വേണ്ടി ഇവര്‍ പ്രയാസം നേരിടുകയാണ്. ഇത്തരം അവസരങ്ങളില്‍ കായിക താരങ്ങളുടെ തുടര്‍ ചികിത്സക്ക് സഹായം എത്തിക്കാന്‍ സംഘടന മുന്നോട്ടിറങ്ങും. പ്രവാസലോകത്തെ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും, പ്രാത്സാഹനം നല്‍കുക, പ്രവാസി മലയാളികള്‍ക്ക് കളിക്കളങ്ങളില്‍ കുടുതല്‍ അവസരങ്ങള്‍ നല്‍കുക, കളിക്കിടയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, മികച്ച റഫറികളെ രംഗത്ത് കൊണ്ടു വരിക, മത്സര സമയത്ത് സംഘാടകരുമായി സഹകരിച്ച് ആരോഗ്യപരിപാലന സൗകര്യങ്ങള്‍ ഒരുക്കുക. കായിക താരങ്ങള്‍ക്ക് തുടര്‍ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് കെഫയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് കെഫ ജനറല്‍ സെക്രട്ടറി പ്രദീപ് പറഞ്ഞു . ചടങ്ങില്‍ കെഫയുടെ ലോഗോ പ്രകാശനം മുഖ്യാതിഥികള്‍ ചേര്‍ന്നു നിര്‍വഹിച്ചു . 30വര്‍ഷത്തിലേറെയായി യു എ ഇ യിലെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുന്‍കാല താരങ്ങളായ. മുഹമ്മദാലി ജി 7, ഇല്ല്യാസ് എ റഹ്മാന്‍ , അബ്ദുല്‍സലാം കോപി കോര്‍ണര്‍, ബഷീര്‍ ബെല്‍ഹാസ, ബഷീര്‍ ഗലധാരി, തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. അഷ്‌റഫ് തീമ, നെല്ലറ ഷംസുദീന്‍, എ എ കെ മുസ്തഫ, തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. കെഫ ജനറല്‍സെക്രട്ടറി പ്രദീപ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ കെഫയെ പരിചയപ്പെടുത്തി. അനില്‍ യു എഫ് എഫ് സി സംഘടനാ നിയമങ്ങള്‍ വിശദീകരിച്ചു. ചീഫ് കോഡിനേറ്റര്‍ ലത്തീഫ് നെല്ലറ സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. അന്‍വര്‍ അഡ്‌നോക്, നൌഷാദ് സൈക്കോ, കോയ മാസ്റ്റര്‍, സുരേഷ്, സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അമീന്‍ സ്വാഗതവും ഷരിഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെഫ അംഗങ്ങളുടെ ആവേശകരമായ ഫുട്‌ബോള്‍ മത്സരവും ഗാനമേളയും അരങ്ങേറി.



                        
