KOYILANDY DIARY.COM

The Perfect News Portal

സാമ്ബത്തിക ഉപദേഷ്ടാവു ഗീതാ ഗോപിനാഥിന്റെ നിയമനം മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം>  സാമ്ബത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ  ബിജെപി സംസഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. കാലാനുസൃതമായി ചിന്തകളും നിലപാടുകളും മാറ്റാന്‍ തയാറാണെന്ന പിണറായിയുടെ സമീപനം നല്ലതാണ്. ഇടതുപക്ഷം ഇത്രയുംകാലം തുടര്‍ന്നുവന്ന സാമ്ബത്തിക നയങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുളളത്. ഇത് തിരിച്ചറിഞ്ഞാണ് പിണറായി പുതിയ തീരുമാനം എടുത്തതെന്നു വേണം കരുതാനെന്നും കുമ്മനം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്തക്കുറിപ്പിലാണ് കുമ്മനത്തിന്റെ പ്രതികരണം.

ഗീതാ ഗോപിനാഥിന്റെ നിയമനത്തെപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകനില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ പുതിയ ഉപദേശകയെ നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് എന്ന സംശയം ദൂരീകരിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ഗീതാ ഗോപിനാഥിനെ കേരളത്തിലേക്കു വിളിച്ചു വരുത്തുന്നത് ഇടതു സാമ്ബത്തിക നയങ്ങള്‍ കാലഹരണപ്പെട്ടെന്ന തിരിച്ചറിവു കൊണ്ടാണോയെന്നും വ്യക്തമാക്കണം.

അതിവേഗം വളരുന്ന ലോകത്തിനും ഭാരതത്തിനും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിനു മാത്രമായി സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ നമുക്കും അതിനൊപ്പം ചേരേണ്ടി വരും. അതിനു ഗീതാ ഗോപിനാഥിനെപ്പോലെയുള്ളവരുടെ ഉപദേശങ്ങള്‍ സഹായകമാകുമെങ്കില്‍ അതു സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഭരണകക്ഷി ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന മൗഢ്യം ബിജെപിക്കില്ല. നാടിനു നന്മയുണ്ടാകാന്‍ സഹായകമായ നിലപാടുകള്‍ ആരു സ്വീകരിച്ചാലും ബിജെപി അവര്‍ക്കൊപ്പമുണ്ടാകും. പക്ഷേ അപ്പോഴും നവലിബറല്‍ സാമ്ബത്തിക നയങ്ങളുടെ മറ പിടിച്ച്‌ നാടിന്റെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും കുത്തകകള്‍ ചൂഷണം ചെയ്യുന്നില്ല എന്നുറപ്പു വരുത്താന്‍ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം.

Advertisements

ഗീതാ ഗോപിനാഥ് നല്‍കുന്ന ഉപദേശങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കണം. നാടിനു നന്മയുണ്ടാക്കുന്ന ഉപദേശങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം. ലോകത്തിലെ ഏറ്റവും നല്ല ഉപദേശങ്ങള്‍ കിട്ടുന്ന ആളായി നമ്മുടെ മുഖ്യമന്ത്രി മാറട്ടെ എന്ന് ആശംസിക്കുന്നു. ആ ഉപദേശങ്ങള്‍ ജനാധിപത്യം പുലരാന്‍ സാമൂഹിക രംഗത്തും ഉപയോഗിക്കണം. രാഷ്ട്രീയ എതിരാളികള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കാനും പിണറായി വിജയന്‍ തയാറായാല്‍ കേരളത്തിന്റെ പുരോഗതി സാധ്യമാകും. അതിനു ബിജെപിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നെന്നും കുമ്മനം പറഞ്ഞു.

Share news