ജീവിതം ഇരുട്ടിലായി മാധവന്റെയും ചന്ദ്രികയുടെയും ദുരിതജീവിതം

കൊയിലാണ്ടി > ആകാശത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുമ്പോള്‍ മുചുകുന്ന് വലിയമലയിലെ മാധവന്റെ നെഞ്ച് കനക്കും. മഴയൊന്ന് ശക്തിയായി പെയ്താല്‍ വെള്ളം മുഴുവന്‍ കുടിലിലെത്തും. രണ്ടു കാലുമില്ലാത്ത മാധവനെ എടുത്ത് മാറ്റിക്കിടത്താന്‍ കൂടെയുള്ള ചന്ദ്രികയ്ക്ക് കഴിയില്ല. നാട്ടുകാരുടെ സഹായത്തോടെ കൂരയൂടെ മുകളില്‍ മേഞ്ഞ പ്ളസ്റ്റിക് ഷീറ്റുകള്‍ വലിയ കാറ്റടിക്കുമ്പോള്‍ തെന്നി മാറും. ഇതിനൊപ്പം മഴവെള്ളവും കുടിലിലെത്തും. കേളപ്പജിയും സഹോദരിയും സൌജന്യമായി ഹരിജനങ്ങള്‍ക്ക് കൊടുത്ത വലിയമലയില്‍ ചന്ദ്രികയ്ക്ക് കിട്ടിയ നാലുസെന്റിലാണ് വര്‍ഷങ്ങളായി മാധവന്റെയും ചന്ദ്രികയുടെയും ദുരിതജീവിതം.
ചെറുപ്പത്തില്‍ ജോലിതേടി മംഗലാപുരത്ത് എത്തിയ മാധവന്‍ അവിടെനിന്ന് തന്നെ വിവാഹവും കഴിച്ചു. അതില്‍ മൂന്നു കുട്ടികളുമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മകളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചുവന്നു. അവളെ വിവാഹം ചെയ്ത് അയച്ചതോടെ മാധവന്‍ തനിച്ചായി. പിന്നീട് മാധവന് കൂട്ടായി ചന്ദ്രികയെന്ന വിധവയെത്തി.

അതിനിടെ മാധവന് പക്ഷാഘാതം പിടിപെട്ടു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാധവനെ ചികിത്സിച്ചത്. എന്നാല്‍ 2012ല്‍ മാധവനടക്കമുള്ള സംഘം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോയ വാഹനം അപകടത്തില്‍പെട്ട് മാധവന് പരിക്കേറ്റു. നേരത്തെയുണ്ടായിരുന്ന അസുഖങ്ങളോടൊപ്പം അപകടവും കൂടിയായതോടെ മാധവന്റെ കാലിന് പഴുപ്പു കയറി. താമസിയാതെ രണ്ടു കാലുകളും മുട്ടിനു മുകളില്‍ ഏതാണ്ട് അരയ്ക്കു തൊട്ടു താഴെ മുതല്‍ മുറിച്ചുമാറ്റി. ജീവിതം ഇരുട്ടിലായ മാധവനും ചന്ദ്രികയും വലിയമലയിലെ നാലുസെന്റ് ഭൂമിയിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.

മൂടാടി പഞ്ചായത്തില്‍നിന്ന് വീടു നിര്‍മിക്കാനായി എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു. അപ്പോഴാണ് മാധവന്റെ രണ്ടാമത്തെ കാല്‍ മുറിച്ചു നീക്കിയത്. അതോടെ വീട് നിര്‍മാണം നിലച്ചു. മഴവെള്ളം അകത്ത് കയറാതിരിക്കാന്‍ പ്ളാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചു. അടുക്കളയില്ല. മഴയില്ലെങ്കില്‍ പുറത്തുവച്ച് ഭക്ഷണമുണ്ടാക്കാം. പരസഹായമില്ലാതെ മാധവന് ഒന്നും ചെയ്യാനാകില്ല. അറുപത്തിയഞ്ച് വയസ്സുള്ള മാധവന് മറ്റ് അസുഖങ്ങളൊന്നുമില്ല. പെന്‍ഷനോ മറ്റ് വരുമാനമോ ഇല്ലാത്തതിനാല്‍ ജീവിതം തന്നെ പ്രതിസന്ധിയിലാണ്. ചെലവിന് പണം കണ്ടെത്താനായി തൊഴിലുറപ്പിന് പോകുകയാണ് ചന്ദ്രിക. മാധവനെ തനിച്ചാക്കി ജോലിക്ക് പോകാന്‍ ചന്ദ്രികയ്ക്ക് കഴിയുന്നില്ല.

ആഹാരത്തിന് ചെറിയതെങ്കിലുമൊരു വകവേണം. മാധവന് ഉപയോഗിക്കാന്‍ കഴിയുന്ന കക്കൂസുള്ള ഒരു വീട് വേണം. ഇതിനായി കഷ്ടപ്പെടാന്‍ തയ്യാറാണെങ്കിലും ചന്ദ്രികയ്ക്ക് ഇതിന് കഴിയുന്നില്ല. ഇതിനായി എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഇരുവരും.
