കൊയിലാണ്ടിയിൽ മലമ്പനി ജനം ഭീതിയിൽ

കൊയിലാണ്ടി: നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതോടെ കൊയിലാണ്ടിയിലും പരിസരത്തും രോഗം പടരുമെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. തീരദേശത്ത് തണ്ണിംമുഖം പ്രദേശത്ത് യുവാവിന് രോഗംബാധിച്ചതാണ് നാലാമതായി കണ്ടെത്തിയത്. സമീപപ്രദേശമായ ഗുരുകുലത്തും ചേലിയ, കുറുവങ്ങാട് ഭാഗത്തും ഓരോ ആള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരെല്ലാം തദ്ദേശീയരാണ്. നേരത്തേ അപൂര്‍വമായി അന്യസംസ്ഥാനക്കാരില്‍ രോഗമുള്ളതായി കണ്ടെത്തിയിരുന്നു. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാടും ചെങ്ങോട്ടുകാവിലെ ചേലിയയിലും മലമ്പനി പരത്തുന്ന അനോഫിലിസ് ഇനത്തില്‍പ്പെട്ട കൊതുകുകളെ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അനോഫിലിസ് കൊതുകുകളെ കണ്ടെത്തിയത്.
