KOYILANDY DIARY.COM

The Perfect News Portal

എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുന്നു

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിനെ ഭീഷണിയുടെ നിഴലിലാക്കി എസ്ബിഐയുടെ നിര്‍ദ്ദേശം. എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ ഇനിയും ജോലിയില്‍ തുടരുന്ന താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനാണ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എസ്ബിടിയിലെ 1000 ജീവനക്കാരെ തീരുമാനം ബാധിക്കും. അതേസമയം, ലയനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

നേരത്തെ പുതിയതായി താല്‍ക്കാലിക ജീവനക്കാരെ എടുക്കരുതെന്ന നിര്‍ദ്ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.

എസ്ബിടി അടക്കം ആറു ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-എസ്ബിഐയില്‍ ലയിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. അസോഷ്യേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്ബിഐയില്‍ ലയിക്കുക. ലയനത്തിനെതിരെ കടുത്ത എതിര്‍പ്പ് ബാങ്കുകളില്‍ ഉയര്‍ന്നിരുന്നു, എങ്കിലും ലയനവുമായി മുന്നോട്ട് പോവാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Advertisements
Share news