KOYILANDY DIARY.COM

The Perfect News Portal

അതിവേഗ റെയില്‍പാത പദ്ധതിയുടെ റിപ്പോര്‍ട്ട് ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച്‌, 130 മിനിട്ടുകൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍പാത പദ്ധതിയുടെ റിപ്പോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതിയുടെ പ്രാഥമിക ചിലവ് 77,000 കോടി രൂപയാണ്. നികുതി അടക്കം 90,000 കോടിയാകുമെന്നും ഒന്‍പതുവര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കുമ്ബോള്‍ ചെലവ് 1,20,000 കോടിയായി ഉയരാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റെയില്‍ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിയാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ ഡിഎംആര്‍സി നേരത്തെ വ്യക്തമാക്കിയിരുന്നത്. റിപ്പോര്‍ട്ട് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. തീരുമാനം അനുകൂലമെങ്കില്‍ സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്രത്തിനയക്കും. കേന്ദ്രസര്‍ക്കാരാണ് അന്തിമ അനുമതി നല്‍കേണ്ടത്. ഡിഎംആര്‍സിയുടെ അന്തിമ റിപ്പോര്‍ട്ടു ലഭിച്ചതായും ഇതു സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായും അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍വരെ പദ്ധതി നടപ്പിലാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കാസര്‍ഗോഡുവരെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിച്ചിരുന്നത്. 2,500 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. പാതയുടെ 30 മീറ്റര്‍ ചുറ്റളവില്‍(പാതയുടെ മധ്യത്തില്‍നിന്ന് 15 മീറ്റര്‍ വീതം ഇരുവശത്തേക്കും) കെട്ടിടങ്ങള്‍ അനുവദിക്കില്ല. കൃഷിചെയ്യാനും മരങ്ങള്‍ നടാനും അനുവാദമുണ്ടാകും. കരട് റിപ്പോര്‍ട്ട് അനുസരിച്ചു പാത 90 കിലോമീറ്റര്‍ ഉപരിതലത്തിലും 250 കിലോമീറ്റര്‍ തൂണിന് മുകളിലും, 126 കിലോമീറ്റര്‍ ഭൂമിക്കടിയിലുമാണ്. ട്രാക്കിന് ആവശ്യമായത് 20 മീറ്റര്‍ സ്ഥലവും. നിലവിലെ റെയില്‍പാതയോടും ദേശീയപാതയോടും ചേര്‍ന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് ടണലുകളില്‍കൂടിയാകും പാത കടന്നുപോകുക. അതിനാല്‍ അധികം ജനത്തെ കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നാണ് ഡിഎംആര്‍സിയുടെ കണക്കുകൂട്ടല്‍. ഭൂകമ്ബത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും നിര്‍മാണം. പദ്ധതി സംബന്ധിച്ച പഠനം നടത്താന്‍ 2010ലാണ് ഡിഎംആര്‍സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന്, 2011ല്‍ ഡിഎംആര്‍സി സാധ്യതാപഠനം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Share news