രാജസ്ഥാന് ഗ്രാമീണ്‍ മേളക്ക് കോഴിക്കോട് തളി ജൂബിലി ഹാളില്‍ തുടക്കം

കോഴിക്കോട് > 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കൈത്തറി ഉല്‍പ്പന്നങ്ങളുമായി രാജസ്ഥാന് ഗ്രാമീണ്‍ മേളക്ക് കോഴിക്കോട് തളി ജൂബിലി ഹാളില്‍ തുടക്കം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്, തമിഴ്നാട് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പരമ്പരാഗതമായ ഹാന്റിക്രാഫ്റ്റ്, ഹാന്റ്ലൂം, ജ്വല്ലറി, പെയിന്റിങ് എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയിലുള്ളത്. അമ്പതിലധികം സ്റ്റാളുകളിലായി 100 മുതല്‍ പതിനായിരം രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍നിന്നുള്ള ജൂട്ട് ചെരുപ്പുകള്‍ക്കും ബാഗുകള്‍ക്കുമാണ് ആവശ്യക്കാരധികം. 350 മുതല്‍ 750 രൂപ വരെയാണ് വില. മരംകൊണ്ടുള്ള ജോധ്പൂര്‍ ഫര്‍ണിച്ചറുകളും പ്രതിമകളുമുണ്ട്. 2000 രൂപ വരെയുണ്ട് വില. മെറ്റലില്‍ തീര്‍ത്ത, രാജസ്ഥാനില്‍നിന്നുള്ള ഫോട്ടോകളും ആഭരണങ്ങളുമാണ് വില കൂടിയ വസ്തുക്കള്‍. 50 മുതല്‍ 6000 രൂപ വരെ വിലയുള്ളവയുണ്ട്.

വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും മേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള സങ്കനേരി സാരികള്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള കാന്ദവര്ക്ക്, കശ്മീരി ഷാളുകള്‍, ഛത്തീസ്ഗഢില്‍ നിന്നുള്ള ടസ്ര, മഡ്ക, സില്‍ക്ക് സാരികള്‍, തെലങ്കാനയിലെ പോച്ചാംപള്ളി സാരി തുടങ്ങി ഓരോ നാടിന്റെയും തനത് വസ്ത്രങ്ങള്‍ ഇവിടെയുണ്ട്. കൈകൊണ്ടുള്ള എംബ്രോയ്ഡറി വര്‍ക്കുള്ള ലക്നൌ സാരിക്ക് 1200 രൂപയാണ്. 550 രൂപ മുതല്‍ തമിഴ്നാട്ടിലെ മധുര സാരി വാങ്ങാം. ബിഹാര്‍ സാരിക്ക് 1800 രൂപയും കൊല്‍ക്കത്ത കാന്ദവര്ക്ക് സാരിക്ക് 1500 രൂപയുമാണ്. സാരിക്കു പുറമേ ടോപ്പുകളും ബെഡ്ഷീറ്റുകളും മിഡികളും 400 രൂപ മുതല്‍ക്ക് വാങ്ങാം.
മേള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതരമുതല്‍ രാത്രി എട്ടര വരെയാണ് പ്രദര്‍ശനസമയം. ജൂലൈ 11ന് സമാപിക്കും.

