വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. ചിറക്കൽ ആർപ്പം തോട് റെയിൽവെ ഗേറ്റിന് സമീപമാണ് അപകടം. അലവിൽ നിച്ചു വയലിലെ രമ ഭവനിൽ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ ട്രെയിൻ കടന്നു പോകുന്നതിനാൽ ആർപ്പാംതോട് ലെവൽ ക്രോസ് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇതിനിടയിൽ വിദ്യാർഥിനി ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ മംഗലാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വളപട്ടണം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


