കൊയിലാണ്ടി: ചേമഞ്ചേരി കലാ സാംസ്കാരിക പ്രവർത്തകനും, പൂക്കാട് കലാലയം ആദ്യകാല പ്രവർത്തകനുമായിരുന്ന ടി.പി. ദാമോദരൻ നായരുടെ അനുസ്മരണ പരിപാടികൾ ജൂലായ് 22ന് നടക്കും. അനുസ്മരണ പരിപാടികളുടെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ പുരസ്കാരത്തിന് സാമൂഹ്യ പ്രവർത്തകൻ സത്യനാഥൻ മാടഞ്ചേരി, നാടക പ്രവർത്തകൻ നന്തി പ്രകാശൻ എന്നിവരെ തെരഞ്ഞെടുത്തു. ചരമ ദിനമായ ജൂലായ് 20ന് ചേമഞ്ചേരി പഞ്ചായത്തിലെ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരവും നടന്നു. പ്രസംഗ മത്സരത്തിൽ കാപ്പാട് ജി.എം. യു.പി.യിലെ ഉസ്മാൻ അബ്ദുൽ ഖാദറും ചേമഞ്ചേരി കൊളക്കാട് യു.പി.യിലെ നക്ഷത്ര എ.എസും ഒന്നാം സ്ഥാനം നേടി.
തിരുവങ്ങൂർ ഹൈസ്കൂളിലെ ആദിദേവ് എ.പി. രണ്ടാംസ്ഥാനം നേടി. പ്രശ്നോത്തരി മത്സരത്തിൽ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും തിരുവങ്ങൂർ ഹയർ സെക്രട്ടറി രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പൊയിൽക്കാവ് ഹൈസ്കൂൾ ഒന്നാംസ്ഥാനവും അത്തോളി ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി. 22 ന് വൈകീട്ട് നടക്കുന്ന സുകൃതം അനുസ്മരണ സമ്മേളനം മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി കീർത്തിമുദ്രാ പുരസ്ക്കാരം സമർപ്പിക്കും. യു.പി. സ്കൂളുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രചോദന മുദ്രാ പുരസ്ക്കാരങ്ങളും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ സമർപ്പിക്കും.

