KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരില്‍ ‌നിന്ന് മേക്കേദാട്ടുവിലേക്ക് ഒരു യാത്ര

മഴക്കാലത്തെ വീക്കെന്‍ഡുകള്‍ മഴ നനയാനു‌ള്ളതാ‌ണ്. ഒരാ‌ഴ്ചയിലെ ജോലിഭാരം മാറ്റി‌വച്ച് മഴനനഞ്ഞ് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്ത് തന്നെയുണ്ട്. ആടിന്റെ ചാട്ടം എന്ന് അര്‍‌ത്ഥം വരുന്ന മേക്കേദാ‌ട്ടുവിലേക്ക് ഈ വീക്കെന്‍ഡില്‍ ഒരു യാത്ര നടത്തിയാലോ?

എങ്ങനെ പോകും

ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെസ്ഥിതി ചെയ്യുന്ന കനകപുരയിലേക്കാണ് നമ്മള്‍ ആദ്യം എത്തിച്ചേരുക. ബാംഗ്ലൂരില്‍ നിന്ന് കനകപുരവരെ ബി എം ടി സി ബസുകള്‍ ലഭ്യമാണ്. കനകപുരയില്‍ നിന്ന് ഏകദേ‌ശം 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സംഗമയില്‍ എത്തും. അര്‍ക്കാവതി നദിയും കാവേരി നദിയും ഒന്നിക്കുന്നത് ഇവിടെ വച്ചാണ്. സംഗമയില്‍ നിന്ന് 4 കിലോമീറ്റര്‍ നടന്നാല്‍ മേക്കേ ദാട്ടുവില്‍ എത്തിച്ചേരാം. കനകപുരയി‌ല്‍ നിന്ന് സംഗമയില്‍ എത്താന്‍ വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ബാംഗ്ലൂരില്‍ നിന്നേ ടാക്സിയിലോ ബൈക്കിലോ യാത്ര ചെയ്യുന്നതാണ് നല്ലത്.

Advertisements

സംഗമ

മേ‌ക്കദട്ടുവിലേക്കുള്ള യാത്രയില്‍ ഏറ്റവും സുന്ദരമായ അനുഭവം തരുന്ന സ്ഥലമാണ് സംഗമ. പേര് സൂചിപ്പിക്കുന്നത് പോലെ കാവേരി നദിയും അര്‍ക്കാവതി നദിയും തമ്മില്‍ ഒന്ന് ചേരുന്ന സ്ഥലമാ‌‌ണ് ഇത്.

വേനല്‍ക്കാലത്ത് ആളുകള്‍ക്ക് വളരെ അനായാസം നദിയിലൂടെ നടന്ന് നദികടക്കാവുന്നതാണ്. എന്നാല്‍ മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ നദിക്ക് കുറുകേയുള്ള നടത്തം വ‌ളരെ സൂക്ഷിച്ച് വേണം. നദിയിലെ പാറക്കൂട്ടങ്ങള്‍ക്ക് വഴുവഴു‌പ്പു‌ള്ളതിനാല്‍ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്.

സഞ്ചാരികളുടെ സുരക്ഷയെ കരുതി സുരക്ഷാ നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ പറ‌ഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലി‌‌ച്ചാല്‍ വലിയ അപകടങ്ങള്‍ ഒ‌ഴിവാക്കാം. നദിയില്‍ മുതലകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത സഞ്ചാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് നല്ലതാണ്.

മഴക്കാലത്ത് സംഗമയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വട്ടത്തോണിയില്‍ യാത്ര ചെയ്ത് (Coracle rides) അക്കരെ എത്തിച്ചേരാം

മേക്കേദാട്ടുവിലേക്ക്

നദി കടന്ന് കഴിഞ്ഞാല്‍ അവിടെ നിന്ന് ഏകദേശം 4 കിലോമീറ്ററി‌ല്‍ കൂടുതല്‍ യാത്ര ചെയ്യണം മേക്കേദാട്ടുവില്‍ എത്തിച്ചേരാന്‍. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് മഴനനഞ്ഞ് നടന്നാണ് ആളുകള്‍ ഇവിടെ നിന്ന് മേക്കേദട്ടുവിലേക്ക് എത്തിച്ചേരാറുള്ളത്. നടക്കാന്‍ മടിയുള്ളവര്‍ക്ക് സംഗമയില്‍ നിന്ന് മേക്കേദാട്ടുവിലേക്കുള്ള ഷട്ടില്‍ ബസിനെ ആശ്രയിക്കാം.

‌പരുപരുത്ത പാറകള്‍ നിറഞ്ഞ വഴിയിലൂടെയാണ് മേക്കേദാട്ടുവിലേക്ക് നടന്നെത്തേണ്ടത്. അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ അപകടം ഉണ്ടായേക്കാം.

മേക്കേദാട്ടുവിനേക്കുറിച്ച്

കാവേരി നദി വലിയ പാറയിടുക്കില്‍ കൂടി ശക്തിയായി ഒഴുകി ഇറങ്ങുന്ന ഇടമാ‌ണ് മേക്കേദാട്ടു. സഞ്ചാരികളുടെ മനം മയക്കുന്ന ‌പ്രകൃതി ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുക. നദിയില്‍ മുതലകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് അതിനാല്‍ വളരെ കരുതല്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവിടുത്തെ പാറക്കൂട്ടങ്ങളിലൂടെ ചാടി ആടുകള്‍ നദി കടക്കുന്നതിനാല്‍ ആണ് മേക്കേ ദാട്ടു എന്ന പേര് ലഭിച്ചത്.

ചില കാര്യങ്ങള്‍ കൂടി

> ഭക്ഷണം കഴിക്കാന്‍ പ‌റ്റിയ റെസ്റ്റോറെന്റുകള്‍ ഇവിടെയില്ലാ. ഭക്ഷണം കരുതുന്നത് നല്ലതാണ്
> പാറയിടുക്കില്‍ കൂടി ഒഴുകുന്നതിനാല്‍ ശക്തമായ ഇവിടെ ശക്തമായ ഒഴുക്കായിരിക്കും നദിക്ക്
> നദിയില്‍ മുതലയുണ്ടാകന്‍ സാധ്യതയുള്ളതിനാല്‍ നദിയില്‍ ഇറങ്ങുന്നത് അപകടമാണ്
> ബാംഗ്ലൂരില്‍ നിന്ന് തന്നെ സ്വന്തം വാഹനങ്ങളില്‍ വരുന്നതാണ് ഇവിടെ എത്തിച്ചേരാന്‍ എളുപ്പം