SSLC: കുതിച്ചുയർന്ന് ചിങ്ങപുരം സി.കെ.ജി ഹയർസെക്കണ്ടറി സ്കൂൾ
പയ്യോളി: ഗ്രാമീണ മേഖലയിലെയും തീരദേശ മേഖലയിലെയും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം. നൂറു ശതമാനം വിജയം ലഭിച്ചുവെന്ന് മാത്രമല്ല, 45 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചപ്പോൾ 18 വിദ്യാർഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. 289 വിദ്യാർഥികളാണ് ഇത്തവണ സ്കൂളിൽനിന്ന് എസ്.എസ് എൽ.സി പരീക്ഷ എഴുതിയത്. ഗ്രാമീണ മേഖലയിൽ വർഷങ്ങളായി കഠിന പ്രയത്നം നടത്തുന്ന സ്കൂളിന് നിരവധി വർഷങ്ങളായി ചെറിയ വ്യത്യാസത്തിൽ നൂറു ശതമാനം വിജയം നഷ്ടപ്പെടുകയായിരുന്നു.

പ്രധാനാധ്യാപകൻ ഇ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽഇത്തവണ എസ്.ആർ.ജിയുടെയും എഡ്യുകെയറിന്റെയും കീഴിൽ വിവിധ പദ്ധതികളിലുടെ ഒട്ടേറെ പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കിയിരുന്നത്. മോട്ടിവേഷൻ ക്ലാസുകൾ, ഗൃഹ സമ്പർക്കം, അധ്യാപകർ മെന്റർമാരായുളള പ്രവർത്തനം, പിന്നോക്കക്കാരായ കുട്ടികൾക്കുള്ള പ്രത്യേക പരിശീലനം, മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാനുള്ള പരിശീലനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് ഫലം കാണുകയായിരുന്നു.


വർഷങ്ങളായി ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കിയും മറ്റെല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും ഒപ്പം ചേർന്നതോടെ മേഖലയിലെ തന്നെ ഉന്നത വിജയം നേടിയ സ്കൂളായി സി.കെ.ജി മാറുകയായിരുന്നു. വർഷങ്ങളായി കാത്തിരുന്ന ഈ നൂറു മേനി നിലനിർത്താനാവശ്യമായ നിരവധി പ്രവർത്തനങ്ങളുമായി ഈ അധ്യയന വർഷാരംഭം തന്നെ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ സാന്നിധ്യത്തിൽ വിദ്യാലയ അങ്കണത്തിൽ കേക്ക് മുറിച്ച് വിജയാഘോഷം നടത്തി.


