യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: പട്ടാപ്പകൽ നഗരത്തിൽ യുവതിക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ . തൊണ്ടയാട് വിജിലൻസ് ഓഫീസിന് സമീപത്തുവച്ചാണ് മദർ ആശുപത്രി ജീവനക്കാരിയായ മൃദുലയ്ക്ക്(22) ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തായിരുന്ന കണ്ണൂർ ഇരിക്കൂർ കൊശവൻ വയൽ സിന്ധു നിവാസിൽ വിഷ്ണുവിനെ(28) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ മൃദുല തൊണ്ടയാട് ഹോസ്റ്റലിൽ നിന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നേർപ്പിച്ച ആസിഡായതിനാൽ വലിയ രീതിയിൽ പൊള്ളലേറ്റിട്ടില്ല. വൈകിട്ടോടെ യുവതി ആശുപത്രി വിട്ടു. നാലുവർഷം ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇതിനിടയിൽ യുവാവിന്റെ വിവാഹം കഴിഞ്ഞു. പിന്നീട് വിവാഹമോചിതനായതോടെ മൃദുലയെ കല്യാണം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. നേർപ്പിച്ച ഹൈഡ്രോക്ലോറിക്ക് ആസിഡ് കൃഷി ആവശ്യത്തിനെന്ന് പറഞ്ഞ് ജില്ല കോടതി പരിസരത്തുള്ള കടയിൽ നിന്ന് വാങ്ങുകയായിരുന്നു. പോളിടെക്നിക്ക് കഴിഞ്ഞ വിഷ്ണു രണ്ട് ദിവസമായി ഈ ലക്ഷ്യത്തിൽ കോഴിക്കോട് ഉണ്ടായിരുന്നു. കെഎസ്ആർടിസി ഡോർമെറ്ററിയിലാണ് താമസിച്ചത്. ഇയാളുടെ ശല്യം കാരണം യുവതി നേരത്തേ കണ്ണൂരിൽ പരാതി നൽകിയിരുന്നുവെന്നും പൊലിസ് പറഞ്ഞു.


