ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് ദുരൂഹമാണെന്ന് പിണറായി വിജയന്‍
കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥിനി ജിഷയുടെ മൃതദേഹം അമ്മയ്ക്കുപോലും കാണാന്‍നല്‍കാതെ ദഹിപ്പിച്ചത് ദുരൂഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇത്രദാരുണമായ കൊലപാതകത്തിന്റെ തെളിവുകള്‍ സംരക്ഷിക്കാനോ അന്വേഷണത്തില്‍ ജാഗ്രത പുലര്‍ത്താനോ പൊലീസ് തയാറായിട്ടില്ലെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു പിണറായി.
‘എന്റെ മകളെ കത്തിക്കരുതെന്ന് ഞാന്‍ പറഞ്ഞു, ആരാണ് ദഹിപ്പിക്കാന്‍ തീരുമാനിച്ചത്’ എന്നാണ് ജിഷയുടെ അമ്മ തന്നോട് ചോദിച്ചതെന്ന് പിണറായി പറഞ്ഞു. ഇത് ദുരൂഹമാണ്. തെളിവുകള്‍ ശേഖരിക്കാനോ പ്രതികളെ പിടികൂടാനോ തയാറാകാത്ത പൊലീസ് പോസ്റ്റുമോര്‍ട്ടത്തിലും അലംഭാവം കാട്ടി. പിജി വിദ്യാര്‍ഥിയാണ് പോസറ്റുമോര്‍ട്ടം നടത്തിയത്. ഇത്തരം സംഭവങ്ങളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ പാലിക്കപ്പെട്ടില്ല.

ഒരു യുവതിയെ പിച്ചിച്ചീന്തിയതുമാത്രമല്ല അത്തരം ഒരു സംഭവത്തില്‍ പൊലീസ് സ്വീകരിച്ച സമീപനവും ഞെട്ടിക്കുന്നതാണ്് . തെളിവുകള്‍ സംരക്ഷിക്കാന്‍ സ്ഥലം കയറുകെട്ടി തിരിക്കാനോ, ഉടന്‍ പൊലീസ് നായയെ എത്തിക്കാനോ പൊലീസ് തയാറായില്ല. ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ ആര്‍ഡിഒയുടെ സാന്നിധ്യവും പൊലീസ് ഉറപ്പാക്കിയില്ല. ഇത്തരത്തില്‍ ഒരു ജാഗ്രതയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

സമൂഹത്തിനാകെ സംഭവത്തില്‍ ഉത്തരവാദിത്വമുണ്ട്. ആര്‍ക്കം അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. സ്ഥലം എംഎല്‍എ സാജുപോളിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി. അവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജിഷയുടെ വീട് ഉള്‍പ്പെടുന്ന പഞ്ചായത്ത് ഇതുവരെ ഭരിച്ചിരുന്നത് യുഡിഎഫാണ്. വാര്‍ഡ് മെമ്പറും യുഡിഎഫ് ആയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഇത് മാറിയത്. എന്നാല്‍, ഈ സംഭവത്തില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കുമാണ് ഉത്തരവാദിത്വമുള്ളതെന്ന് പിണറായി പറഞ്ഞു.

പിഞ്ചുകുഞ്ഞുമുതല്‍ വയോധികവരെ സ്വന്തം വീടിനുള്ളില്‍പോലും സുരഷിതരല്ലെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ക്രമസമാധാനനിലയില്‍ സംസ്ഥാനം അവസാനത്തേക്ക് പോയിയെന്നും പിണറായി പറഞ്ഞു. ജിഷയുടെ ഘാതകരെ പിടികൂടുംവരെ രാപ്പകല്‍ സമരമടക്കം എല്‍ഡിഎഫ് പ്രക്ഷോഭം തുടരുമെന്നും പിണറായി പറഞ്ഞു.
