ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥയെന്ന് ജില്ലാ കളക്ടര്‍ എ ഷൈനമോള്‍

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥയെന്ന് ജില്ലാ കളക്ടര്‍. കളക്ടര്‍ അനുമതി നല്‍കിയതെന്ന് കളക്ടര്‍ എ ഷൈനമോള്‍ ചോദിച്ചു. ആറാം തിയ്യതി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥലപരിമിതിയുള്ളതിനാല്‍ ക്ഷേത്രത്തില്‍ മത്സര കമ്പം വെടിക്കെട്ടിന് അനുമതി നല്‍കരുതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എന്നാല്‍, രണ്ടും ദിവസങ്ങള്‍ക്കകം വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് പോലീസ് മറ്റൊരു റിപ്പോര്‍ട്ട് നല്‍കി.
രണ്ടു ദിവസങ്ങള്‍ക്കകം കാര്യങ്ങളില്‍ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് എങ്ങനെ തിരുത്തി എന്നതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഷൈനമോള്‍ പറഞ്ഞു. തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന പോലീസിന്റെ മറുപടി വളരെ ബാലിശമാണെന്നും തന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കളക്ടര്‍ പറഞ്ഞു. അതിനിടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. കൊല്ലത്ത് ഒരാളും തിരുവനന്തപുരത്ത് രണ്ട് പേരുമാണ് ഇന്ന് രാവിലെ മരിച്ചത്.
