KOYILANDY DIARY.COM

The Perfect News Portal

ആര്‍എസ്എസില്‍നിന്ന് രാജ്യസ്നേഹവും ദേശാഭിമാനവും പഠിക്കേണ്ട ഗതികേട് കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് പിണറായി

കണ്ണൂര്‍ > ദേശീയസ്വാതന്ത്യ്രസമരത്തെ ഒറ്റുകൊടുത്ത ആര്‍എസ്എസില്‍നിന്ന് രാജ്യസ്നേഹവും ദേശാഭിമാനവും പഠിക്കേണ്ട ഗതികേട് കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. എ കെ ജി യുടെ 39ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കാല്‍ടെക്സിലെ എ കെ ജി പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാരഥന്മാരായ നേതാക്കള്‍ എന്നതിനൊപ്പം ദേശീയപ്രസ്ഥാനത്തിന്റെയും സമുന്ന നായകരായിരുന്നു എ കെ ജിയും ഇ എം എസും. സ്വാതന്ത്യ്രപ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ ഇവര്‍ വഹിച്ച ത്യാഗനിര്‍ഭരമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്യ്രപുലരിയില്‍ പോലും തടവറയിലായിരുന്നു എ കെ ജി. ഇതു പോലെ ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കള്‍. കൊടിയ കഷ്ടനഷ്ടങ്ങളും മര്‍ദ്ദനങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നവര്‍, ജീവന്‍ തന്നെ ഹോമിക്കേണ്ടിവന്നവര്‍… ഇങ്ങനെയൊരു ചരിത്രം ആര്‍എസ്എസിനും സംഘപരിവാറിനും ചൂണ്ടിക്കാണിക്കാനുണ്ടോ.

ഇന്ത്യന്‍ സ്വാതന്ത്യ്രസമരഘട്ടത്തിലെ എല്ലാസംഘടനകളും ഏതെങ്കിലും വിധത്തില്‍ അതില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യ്രസമരത്തെ ഒറ്റുകൊടുത്ത ചരിത്രം മാത്രമാണ് ആര്‍എസ്എസിനും കൂട്ടര്‍ക്കും. ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ നിങ്ങളുടെകൂടെയാണെന്നു പറയാന്‍ ആര്‍എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും നേതാക്കള്‍ക്ക് ഒരുമടിയുമുണ്ടായില്ല. നിങ്ങളുടെയും ഞങ്ങളുടെയും താല്‍പര്യങ്ങള്‍ ഒന്നാണെന്നും അവര്‍ വൈസ്രോയിയോട് തുറന്നു പറഞ്ഞു. ഇക്കൂട്ടരാണിപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യസ്നേഹികളല്ലെന്നും ദേശാഭിമാനം ഇല്ലാത്തവരാണെന്നുമുള്ള ജല്‍പ്പനങ്ങളുമായി മുന്നോട്ടുവരുന്നത്.

Advertisements

പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ എങ്ങനെ ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാമെന്നതിന്റെ ഉത്തമമാതൃകയാണ് എ കെ ജി. ജനങ്ങളുടെ താല്‍പര്യങ്ങള്‍ എങ്ങനെ പാര്‍ലമെന്റില്‍ പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം കാട്ടിത്തന്നു. എ കെ ജിയുടെ പ്രസംഗമുണ്ടെങ്കില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സഭയിലെത്തി പ്രസംഗം മുഴുവന്‍ അതീവഗൌരവത്തോടെ കേള്‍ക്കുമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും വികാരവും ആ പ്രസംഗത്തിലുണ്ടാകുമെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം– പിണറായി പറഞ്ഞു.

Share news