രോഹിത് അനീഷിന്റെ കച്ചേരി ആസ്വാദകരുടെ മനം കവർന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവത്തിൽ ചൊവ്വാഴ്ച കാലത്ത് നടന്ന രോഹിത് അനീഷിന്റെ കച്ചേരി സംഗീത പ്രേമികളുടെ നിറഞ്ഞ കൈയടി നേടി. ഗിരിരാജ തനയാ.. എന്നു തുടങ്ങുന്ന ത്യാഗരാജ കൃതിയോടുകൂടി ആരംഭിച്ച കർണാടിക് കച്ചേരി രണ്ടര മണിക്കൂറാണ് നിറഞ്ഞ സദസ്സിലെ ആസ്വാദകരുടെ മനം കവർന്നത്. വയലിനിൽ അമൽ ശിവനും മൃദംഗത്തിൽ സനന്ത് രാജുവും അകമ്പടിയായി.

എൻജിനിയറിങ് ബിരുദധാരിയായ രോഹിത്ത് ശാസ്ത്രീയ സംഗീതത്തിൽ യൂണിവേഴ്സിറ്റിതല വിജയിയും രണ്ടുതവണ വെറ്ററിനറി യൂണി വേഴ്സിറ്റി കലാപ്രതിഭയുമായിരുന്നു. കൊയിലാണ്ടി മണമൽ സ്വദേശിയായ രോഹിത് പത്തുവർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ഇപ്പോൾ വിദ്വാൻ വിഷ്ണു ശർമ (ചെന്നൈ) യുടെ കീഴിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുകയാണ്. വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനായ അനീഷിന്റെയും കെഎസ്എഫ്ഇ കൊയിലാണ്ടി ശാഖയിലെ അസി. മാനേജരുമായ അഞ്ജനയുടെയും മകനാണ് രോഹിത്. സഹോദരൻ അജിത്.


