ജവഹർലാൽ നെഹ്റു ജന്മദിനം കോൺഗ്രസ്സ് (എസ്) രാഷ്ട്രാഭിമാന ദിനമായി ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം കോൺഗ്രസ്സ്-(എസ്) രാഷ്ട്രാഭിമാന ദിനമായി ആചരിച്ചു. കൊയിലാണ്ടിയിൽ നടന്ന രാഷ്ട്രാഭിമാന ദിനാചരണം കോൺഗ്രസ്സ് – (എസ്) ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ദർശനങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന വർത്തമാന കാല ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസകതിയും പ്രധാന്യവും വർദ്ധിക്കുകയാണെന്നും ഇന്ത്യയെ കണ്ടെത്തിയ നെഹ്റുവിന്റെ ആശയാദർശങ്ങൾ ഭദ്രദീപം പോലെ നിറഞ്ഞു കത്തേണ്ട സമയമാണിതെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ പറഞ്ഞു.

കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് എ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ്-(എസ്) ജില്ലാ സെക്രടറി സി. രാമകൃഷ്ണൻ മാസ്റ്റർ, പി.വി. വിജയൻ, പി.വി. സജിത്ത്, സി. കെ അശോകൻ, മൂഴിക്കൽ ചന്ദ്രൻ, ഡി.കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് മുൻപ് നെഹ്റുവിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.


