മണ്ണെണ്ണ വിലവർദ്ധന: മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുന്നു

കോഴിക്കോട്: പെട്രോള്‍-ഡീസല്‍വില വര്‍ദ്ധനവിന് പിന്നാലെ മണ്ണെണ്ണ വില കുതിക്കുന്നത് മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുന്നു. 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് എട്ടു രൂപ വര്‍ദ്ധിച്ച് 53 രൂപയായി. മാസത്തില്‍ 45 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മത്സ്യഫെഡ് വഴി 125 ലിറ്ററും നല്‍കുന്നു. എന്നാല്‍ ഒരു ദിവസം കടലില്‍ പോകാന്‍ 150 ലിറ്റര്‍ മണ്ണെണ്ണ വരെ വേണ്ടിവരുന്നിടത്ത് നിലവിലെ വിഹിതം തുച്ഛമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തുടക്കത്തില്‍ 150 ലിറ്റര്‍ വരെ സബ്സിഡി നല്‍കിയ മണ്ണെണ്ണ ഇപ്പോള്‍ 45 ലിറ്ററായി ചുരുങ്ങി.

മത്സ്യഫെഡ് നല്‍കുന്ന 125 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25 രൂപ നിരക്കിലാണ് സബ്സിഡി. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ നില തുടരുകയാണ്. വിപണിയില്‍ മണ്ണെണ്ണ വില കൂടിയിട്ടും സബിസിഡി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുമാസമായി സബ്സിഡി മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. കടലിലെ മത്സ്യക്കുറവും വന്‍കിട ബോട്ടുകളുടെ പെയര്‍ ട്രോളിംഗും കാരണം മത്സ്യ ലഭ്യത കുറഞ്ഞു. ഇടയ്ക്കിടെയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്.


കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ നിശ്ചിത തുക സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒരു മാസം തന്നെ എത്രയോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.


