ആതുര സേവന രംഗത്തും പ്രശസ്തമായ സ്ഥാപനങ്ങൾ സഹകരണ മേഖലയിലുണ്ട്: മുഖ്യമന്ത്രി
വടകര: ആരോഗ്യ രംഗത്ത് വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടകര സഹകരണ ആശുപത്രിയിലെ പുതുതായി ആരംഭിച്ചതും നവീകരിച്ചതുമായ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന രംഗത്തും പ്രശസ്തമായ സ്ഥാപനങ്ങൾ സഹകരണ മേഖലയിലുണ്ട്. സ്വകാര്യ ആശുപത്രിയിലെ അമിതമായ ചികിത്സാ നിരക്കുകൾ ക്രമീകരിക്കാൻ അവരെ നിർബന്ധിപ്പിക്കുന്നത് സഹകരണ മേഖലയിലെ ഇടപെടലുകളാണ്.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ നിലവിൽ വന്നതും, താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലുണ്ടായ വികസനങ്ങളും ആരോഗ്യരംഗത്തെ നമ്മുടെ കരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. എമർജൻസി മെഡിസിൻ വിഭാഗം, ഓപ്പൺ ഹാർട്ട് സർജറി തിയേറ്റർ, കാത്ത് ലാബ് എന്നിവ മന്ത്രി അഹമ്മദ് ദേവർകോവിലും കാർഡിയോളജി വിഭാഗം കെ മുരളീധരൻ എംപി, എംആർഐ സ്കാൻ ഇ കെ വിജയൻ എംഎൽഎയും, സി ടി സ്കാൻ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദുവും ഉദ്ഘാടനംചെയ്തു.


മുൻ ആശുപത്രി പ്രസിഡണ്ട് മുയ്യാരത്ത് പത്മനാഭൻ്റെ ഫോട്ടോ പാലേരി രമേശൻ അനാഛാദനംചെയ്തു. മുൻ എംഎൽഎ സി. കെ. നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ, ഡോ. കെ. സി മോഹൻകുമാർ, പി. സി. ഹരിദാസ്, സി. ഭാസ്‌കരൻ, കെ. ശശിധരൻ, മനയത്ത് ചന്ദ്രൻ, പി. കെ. നിയാസ്, വി. ഗോപാലൻ, സി. കെ. കരീം, പി. സത്യനാഥ് തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി പ്രസിഡണ്ട് ആർ ഗോപാലൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ ശ്രീധരൻ നന്ദിയും പറഞ്ഞു.


