വന്ധ്യംകരണ കേന്ദ്രം പൂട്ടി: കൊയിലാണ്ടി നഗരസഭയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു
കൊയിലാണ്ടി: ലക്ഷങ്ങള്‍ മുടക്കി കൊയിലാണ്ടി നഗരസഭയില്‍ ആരംഭിച്ച എം.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രം നോക്കുകുത്തിയാവുയാണ്. തെരുവ് നായ്ക്കള്‍ തെരുവില്‍ വിഹാരം നടത്തുന്നു. റോഡരികില്‍ മാലിന്യം കുന്നുകൂടിയതോടെ നായ്ക്കളുടെ എണ്ണവും കൂടി. ദിനം പ്രതി തെരുവ് നായകള്‍ പെറ്റുപെരുകുകയും ആക്രമണം വര്‍ദ്ധിക്കുകയും ചെയ്യുമ്ബോഴാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുളിയഞ്ചേരിയില്‍ സ്ഥാപിച്ച വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിയത്.

മുന്‍ ജില്ലാ അനിമല്‍ ഡപ്യൂട്ടി ഡയറകറുടെ കാലത്താണ് കൊയിലാണ്ടി അടക്കമുള്ള മൂന്നിടത്ത് എ.ബി.സി സെന്റര്‍ തുടങ്ങിയത്. പത്ത് സെന്റ് സ്ഥലത്ത് ആയുര്‍വേദ ആശുപത്രിയും മൃഗാശുപത്രിയുടെ സബ്ബ് സെന്ററുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സബ്ബ് സെന്ററിന്റെ; ചെറിയ ഒരു മുറിയിലാണ് ജില്ലാ പഞ്ചായത്തിന് വേണ്ടി നഗരസഭ എ.ബി.സി സെന്റര്‍ തുടങ്ങാന്‍ അനുമതി നല്കിയത്. തൊട്ടടുത്ത് അങ്കണവാടിയും പ്രവർത്തിക്കുന്നു.


വന്ധ്യംകരണം നടത്തിയതും അല്ലാത്തതുമായ നായകളെ പാര്‍പ്പിച്ചത് ഇരുമ്പ് കൂടുകളിലായിരുന്നു. കടുത്ത വെയിലില്‍ ഇവയുടെ കരച്ചില്‍ നാട്ടുകാരെ അലോസരപ്പെടുത്തിയതായി മുൻ കൗണ്‍സിലര്‍ പറയുന്നു. കൂട്ടിലടച്ച നായകളുടെ കരച്ചില്‍ സഹിക്കാന്‍ കഴിയാത്തതും പാരിസ്ഥിതിക വിഷയങ്ങളും ഉന്നയിച്ച് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. സെന്റര്‍ അടച്ചതോടെ മൃഗാശുപത്രി സബ്ബ് സെന്ററും പ്രവര്‍ത്തനം നിറുത്തി. ഇപ്പോള്‍ ആയുര്‍വേദ ആശുപത്രിയുടെ മരുന്നു സൂക്ഷിപ്പ് കേന്ദ്രമാണിത്. തുടക്കത്തില്‍ നൂറോളം നായകളെ വന്ധ്യംകരണം നടത്തിയതായി താലൂക്ക് മൃഗാശുപത്രി ജീവനക്കാരന്‍ പറഞ്ഞു.


തെരുവ് നായകളുടെ കടിയേറ്റ് 2017 മുതല്‍ 20 20 വരെ 3051 പേര്‍ താലൂക്ക് ആശുപത്രിയില്‍ വാക്സിനേഷന്‍ എടുത്തിട്ടുണ്ട്. 2020 ഒക്ടോബര്‍ വരെ 936 പേര്‍ക്ക് നായ കടിയേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇത് കൂടാതെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നായകളുടെ കടിയേല്ക്കുകയും ചിലത് പേ ബാധിച്ച് ചത്ത് പോവുകയും ചെയ്തിട്ടുണ്ട്. ഭാവനാശൂന്യമായ നടപടികളായതിനാലാണ് അടച്ചുപൂട്ടേണ്ടി വന്നത്. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥലം നല്കിയാല്‍ പുതിയ സെന്റര്‍ തുടങ്ങാന്‍ കഴിയുമെന്ന് ജില്ലാ അനിമല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.കെ. ബേബി,


എ.ബി.സി സെന്റര്‍ തുടങ്ങാന്‍ ജനവാസം കുറഞ്ഞ ഇടത്ത് അമ്ബത് സെന്റ് സ്ഥലം വേണം. നിയോജക മണ്ഡലത്തിലെ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍ നിലവിലെ എ.ബി.സി സെന്റര്‍ സര്‍വസന്നാഹത്തോടെ അങ്ങോട്ട് മാറ്റാൻ കഴിയുമെന്ന്ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ പറഞ്ഞു. പദ്ധതികള്‍ തുടങ്ങുമ്ബോള്‍ പാലിക്കേണ്ട ജാഗ്രത കുറവുകൊണ്ടാണ് പുളിയഞ്ചേരിയിലെ എ.ബി.സി സെന്റര്‍ അടയ്ക്കേണ്ടി വന്നതെന്ന് നാട്ടുകാർ പറഞ്ഞു.

