കെ. റെയില്‍ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മിറ്റി കുടുംബ സംഗമം
കൊയിലാണ്ടി: കെ. റെയില്‍ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കവി പി. കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജനശക്തിയുടെ മുന്നില്‍ ഭരണാധികാരികളുടെ അധികാര ശക്തി പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് പി. കെ. ഗോപി പറഞ്ഞു . കെ. റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേന്ദ്രാനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കരുതെന്ന ഹൈകോടതി വിധി നിലനില്‍ക്കെ, ധൃതിപിടിച്ച് സര്‍വേ നടപടികളുമായി ഭൂമി പിടിച്ചെടുക്കാനായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള ചെറുത്തു നില്പിനും 15 മാസത്തിലേറെയായി തുടരുന്ന സമരപോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും, മാനവരാശിയുടെ ഉന്നമനത്തിനുവേണ്ടിയാവണം വികസനം എന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിൻ്റെ പേരിലുള്ള പദ്ധതികള്‍ വിനാശത്തിലേക്കാവരുത്. ഒന്നര ലക്ഷത്തോളം ജനങ്ങളെ വഴിയാധാരമാക്കിയിട്ടല്ല സര്‍ക്കാര്‍ വികസനത്തിെന്റ പേരില്‍ കേരളമണ്ണിനെ വിദേശ കുത്തകകള്‍ക്ക് പണയം വെക്കേണ്ടത്. അങ്ങനെ ധാര്‍ഷ്ട്യമായി അധികാരിവര്‍ഗം മുന്നോട്ടുപോവുകയാണെങ്കില്‍ കലാകാരന്മാര് ഒന്നടങ്കം ജനങ്ങളുടെ മുന്നിലേക്കെത്തി സമരം നയിക്കും – ഗോപി പറഞ്ഞു. ടി.ടി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് സംഗമത്തില്‍ പങ്കെടുത്തു.


പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് മുഖ്യാതിഥിയായിരുന്നു. നഷ്ടപരിഹാരത്തിെന്റ പേരില്‍ മോഹനവാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ച് ഭൂമി പിടിച്ചെടുത്തതിനുശേഷം അവരെ പാടെ മറക്കുന്ന അനുഭവമാണ് ഇതുവരെയും കേരളത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് സി.ആര്. നീലകണ്ഠന് പറഞ്ഞു. കെ.റെയില്‍ സമരത്തിൻ്റെ മുന്നില്‍ എന്നും ഉണ്ടാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ബില്‍ക്കീസ് ബാനു പറഞ്ഞു. ഡി.സി.സി മുന്‍ പ്രസിഡന്റ് യു. രാജീവന് സംബന്ധിച്ചു. സി. കൃഷ്ണന്, മുസ്തഫ ഒലിവ്, പി.കെ. സഹീര്‍, സംവരണന് ചെറുവത്ത്, ലത്തീഫ് റയാന്, ഫാറൂഖ് കമ്ബയത്തില്, പ്രവീണ്‍ ചെറുവത്ത്, പി.കെ. ഷിജു, നസീര്‍ ന്യൂജെല്ല, സുനീഷ് കീഴാരി എന്നിവര്‍ നേതൃത്വം നല്കി.


