KOYILANDY DIARY

The Perfect News Portal

കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ത്രിമൂര്‍ത്തികളില്‍ സംഹാരമൂര്‍ത്തിയായ ശിവന്‍ പ്രധാന പ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. അവയില്‍ 108 ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയത് വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരു അവതാരമായ പരശു‌രാമനാണെന്നാണ് പൊതുവായ വിശ്വാസം. 108 ശിവാലയങ്ങള്‍ എ‌ന്നാണ് ഈ ക്ഷേ‌ത്രങ്ങള്‍ അറിയപ്പെടുന്നത്.

മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.

ശ്രീ വടക്കുംനാഥ ക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Advertisements

കവിയൂര്‍ മഹദേവ ക്ഷേത്രം

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേ‌ത്രം

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്.

തിരുനക്കര മഹാദേവ ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

രാ‌ജ‌രാജേശ്വ‌രി ക്ഷേത്രം

കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് “ദേവപ്രശ്നം” വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു.

കൊട്ടിയൂര്‍ ശിവക്ഷേത്രം

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.

അക്ലിയത്ത് ശിവ ക്ഷേത്രം

ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വി‌ശ്വസിക്കപ്പെടുന്ന ഈ ‌ശിവ ക്ഷേ‌ത്രം കണ്ണൂര്‍ ജില്ലയിലെ വന്‍കുളത്താണ് ‌സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.

അഞ്ചുമൂര്‍ത്തി മംഗലം ക്ഷേത്രം

കേരളത്തിലെ 108 ശിവാല‌യങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം പാലക്കാട് ജില്ലയിലെ ആല‌ത്തൂരിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വി‌ശ്വാസം.

ആടാട്ട് മഹാദേവ ക്ഷേത്രം

പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ‌തൃശൂര്‍ ജില്ലയിലെ അടാട്ട് ആണ് സ്ഥിതി ചെയ്യുന്നത്.

അന്നമനട മഹാക്ഷേത്രം

ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചാലക്കുടിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

പരശുരാമാന്‍ സ്ഥാപിച്ച 108 ‌ശിവക്ഷേത്രങ്ങളില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാ‌‌റ്റിന്‍ കരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അയ്മുറി മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിലാ‌ണ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരിനടുത്ത് പെരുമ്പാവൂര്‍ – കോടനാട് റൂട്ടിലാണ് അയ്മുറി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.