KOYILANDY DIARY

The Perfect News Portal

ത്രിപുര – ത്രിപുര സുന്ദരിയുടെ നാട്

മനോഹര കാഴ്ചകളാല്‍ നിറഞ്ഞതാണ് ഇന്ത്യയിലെ മൂന്നാമത്തെ ചെറിയ സംസ്ഥാനമായ ത്രിപുര. പച്ചപുതച്ച താഴ്വരകളും മലനിരകളും വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ബംഗ്ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു പൊട്ടുപോലെ നില്‍ക്കുന്ന ത്രിപുരയെ സുന്ദരിയാക്കുന്നു. തദ്ദേശീയരായ 19 ജനവിഭാഗങ്ങളും ബംഗാളികളും സൗഹാര്‍ദത്തോടെ കഴിയുന്ന  നാടാണ് ത്രിപുര. സമ്പന്നമായ വിനോദസഞ്ചാര ചരിത്രമാണ് ഈ നാടിനുള്ളത്. സമൃദ്ധമായ ജൈവവൈവിദ്ധ്യമാണ് ഇതില്‍ ഏറ്റവും വലിയ ആകര്‍ഷണം. പേരിന് പിന്നില്‍ ത്രിപുര എന്ന പേര് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വേറിട്ട അഭിപ്രായങ്ങളാണ് ചരിത്രകാരന്‍മാരും ഗവേഷകരും പുലര്‍ത്തുന്നത്. ത്രിപുരയുടെ ചരിത്രം പറയുന്ന ‘രാജമാല’ എന്ന ഗ്രന്ഥം അനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രിപുര്‍ എന്ന് പേരുള്ള രാജാവ് ഇവിടം ഭരിച്ചിരുന്നുവെന്നും ത്രിപുര എന്ന പേര് അങ്ങനെ ഉണ്ടായതാണ് എന്നുമാണ്. ത്രിപുരയുടെ അറിയപ്പെടുന്ന ചരിത്രത്തില്‍ ത്രിപുരി രാജവംശവും തുടര്‍ന്ന് ബ്രിട്ടീഷുകാരുമാണ് ഇവിടം ഭരിച്ചത്.

ഭൂപ്രകൃതി വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന തൊട്ടുചേര്‍ന്ന് ഇരിക്കുന്ന ഏഴ് ചെറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുര. ചെറു താഴ്വരകളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന അഞ്ച് മലനിരകളടങ്ങിയതാണ് ത്രിപുരയുടെ ഭൂപ്രകൃതിയില്‍ ഏറിയ പങ്കും. കാലാവസ്ഥ പര്‍വത പ്രദേശങ്ങളിലെ കാലാവസ്ഥക്ക് സമാനമാണ് ത്രിപുരയിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലെയും കാലാവസ്ഥ.  ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പുകാലവും മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ പ്രീ മണ്‍സൂണ്‍ കാലവും മെയ് മുതല്‍ സെപ്റ്റംബര്‍ വരെ മണ്‍സൂണുമാണ് ഇവിടെ അനുഭവപ്പെടാറ്. തണുപ്പുകാലത്ത് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമ്പോള്‍ വേനലില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. ജൂണില്‍ ഇവിടെ കനത്ത മഴ അനുഭവപ്പെടാറുണ്ട്. സാംസ്കാരിക പൈതൃകത്തിന്‍െറ നാട് 19ഓളം തദ്ദേശീയ ജനവിഭാഗങ്ങളാണ് ത്രിപുരയില്‍ അധിവസിക്കുന്നത്. അതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ സാംസ്കാരിക പരിപാടികളാലും മതപരമായ ചടങ്ങുകളും ത്രിപുരയിലത്തെുന്നവര്‍ക്ക് കാണാനാകും. ഓരോ വിഭാഗങ്ങളുടെയും വേറിട്ട ചടങ്ങുകളും ഉല്‍സവങ്ങളും ത്രിപുരയുടെ സാംസ്കാരിക പൈതൃകത്തിലെ മായ്ക്കപ്പെടാനാകാത്ത മുദ്രകളാണ്.ഒക്ടോബര്‍ മാസത്തില്‍ ത്രിപുരയിലത്തെുന്നവര്‍ക്ക് ദുര്‍ഗാപൂജ ആഘോഷങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് മടങ്ങാം. തൊട്ടുടനാണ് ദീപാവലി ആഘോഷം. ജൂലൈയിലാണ് വരുന്നതെങ്കില്‍ 14 ദൈവങ്ങളെ ആരാധിക്കുന്ന കരച്ചി പൂജ, ഗരിയ പൂജ, കേര്‍പൂജ, അശോക് അഷ്ടമി ഫെയര്‍, ബുദ്ധ പൂര്‍ണിമ, പൗസ് സംക്രാന്തി മേള, ലാമ്പ് ഫെസ്റ്റിവല്‍ സഞ്ചാരികള്‍ക്ക് നയന വിരുന്നൊരുക്കുന്ന ത്രിപുരയിലെ ഉല്‍സവങ്ങളുടെ നിര നീളുകയാണ്. ഉല്‍സവങ്ങള്‍ക്ക് പുറമെ നൃത്ത,സംഗീത, കരകൗശല മേളകളും ഇവിടെ പതിവായി സംഘടിപ്പിക്കാറുണ്ട്. നൃത്ത സംഗീത മേളകളില്‍ ഓരോ തദ്ദേശീയ ഗോത്രങ്ങളും തങ്ങളുടെ തനത് കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്കായി അവതരിപ്പിക്കുന്നു.സര്‍ഗവൈഭവവും ചടുല മനോഹാരിതയും ഇഴചേര്‍ന്ന് ത്രിപുരി,ജമാറ്റിയ വിഭാഗങ്ങള്‍ ഗോരിയ പൂജയുടെ ഭാഗമായി നടത്തുന്ന ഗോരിയ നൃത്തം, മണ്ണിലുറപ്പിച്ച ഭരണികളില്‍ ബാലന്‍സ് ചെയ്ത് റിയാംഗ് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ നടത്തുന്ന ഹോജാഗിരി നൃത്തം എന്നിവ ത്രിപുരയുടെ തനത് നൃത്തരൂപങ്ങളില്‍ ഒന്നാണ്. ലെബാംഗ് നൃത്തം, മമിത നൃത്തം, മൊസാക്ക് സുല്‍മാനി നൃത്തം, ബിഹു, ഹിക്കക്ക് എന്നിവയാണ് ത്രിപുരയിലെ മറ്റ് പ്രമുഖ നൃത്ത രൂപങ്ങള്‍.

ഗോത്രവിഭാഗങ്ങള്‍ നിര്‍മിക്കുന്ന തദ്ദേശീയ സംഗീത ഉപകരണങ്ങളായ സരിന്ദ,ചോങ്പ്രെങ്, സുമുയി എന്നിവയെ കൂടാതെ മുളയിലും ചൂരലിലും നിര്‍മിച്ച കരകൗശല വസ്തുക്കള്‍,ഫര്‍ണിച്ചറുകള്‍,  തുടങ്ങിയവ ഇവിടെ വാങ്ങാനും കിട്ടും. കാഴ്ചകള്‍ ഒരുപിടി മതപരവും വിനോദസഞ്ചാര പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്കൊപ്പം ശുദ്ധമായ അന്തരീക്ഷവും മനോഹരമായ കാലാവസ്ഥയും ത്രിപുരയെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമാക്കുകയാണ്. നിത്യഹരിത വനങ്ങളും പുഴകളും ത്രിപുരയുടെ അഴകിന് മാറ്റേകുന്നതാണ്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിരവധി കാഴ്ചകളാണ് ഉള്ളത്. ചരിത്രപ്രാധാന്യമുള്ള ജഗന്നാഥ് ക്ഷേത്രം, ഉമാമഹേശ്വര്‍ ക്ഷേത്രം, ബെനുബന്‍ ബീഹാര്‍/ബുദ്ധക്ഷേത്രം എന്നിവയാണ് ഇതില്‍ പ്രധാനം. സെപാഹിജാല മൃഗശാലയാണ് മറ്റൊരു ആകര്‍ഷണം. ഉല്ലാസപ്രിയര്‍ക്കായി റോസ്വാലി അമ്യൂസ്മെന്‍റ് പാര്‍ക്കും ഉണ്ട്. ഉദയ്പൂരിലാണ് പ്രശസ്തമായ ത്രിപുരസുന്ദരി ക്ഷേത്രവും ഭുവനേശ്വരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ചൗഡോ ദേവോതാര്‍ മന്ദിറും മനോഹരങ്ങളായ തെയില തോട്ടങ്ങളുമാണ് കൈലാശഹറിന്‍െറ ആകര്‍ഷണം. ഉജ്ജയന്ത കൊട്ടാരം, ത്രിപുര സ്റ്റേറ്റ് മ്യൂസിയം, സുഗന്ധ അക്കാദമി, ലോംഗ് തരായി മന്ദിര്‍, മണിപ്പൂരി രാസ് ലീല, ലക്ഷ്മിനാരായണ്‍ ക്ഷേത്രം, പുരാണോ രാജ്ബാരി, നസ്റുല്‍ ഗ്രന്ധാകാര്‍ എന്നിവക്ക് പുറമെ രണ്ട് നാഷനല്‍ പാര്‍ക്കുകളും ഇവിടെയുണ്ട്.

Advertisements