KOYILANDY DIARY

The Perfect News Portal

ഏര്‍ക്കാടിനേക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മലമുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച

കണ്ണുകള്‍ക്ക്‌ അതീവ ഹൃദ്യമാണ്. പ്രശസ്തമായ ഊട്ടിഹില്‍ സ്റ്റേഷനോട് താരതമ്യപ്പെടുത്താവുന്ന കാഴ്ചകളും മലനിരകളുമാണ് ഏര്‍ക്കോടുള്ളത്. അതിനാല്‍തന്നെ ‘പാവപ്പെട്ടവരുടെ ഊട്ടി’ എന്നും ഏര്‍ക്കോട് അറിയപ്പെടുന്നു.

തമിഴ് ഭാഷയിലെ ‘യേരി'(തടാകം) ‘കാട്'(വനം) എന്നീ രണ്ടു വാക്കുകളില്‍ നിന്നുമാണ് ഏര്‍ക്കോട് എന്ന പേരിന്റെ ഉത്ഭവം. അവിടെ ചെയ്യുന്ന കൃഷികളില്‍ നിന്നുമാണ് എര്‍ക്കോടിന്റെ പേര് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. കാപ്പി, ഓറഞ്ച്, ചക്ക, പേരക്ക, കുരുമുളക്, ഏലം തുടങ്ങിയ വിളകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ ഏറ്റവും വലിയ തോതില്‍ കൃഷി ചെയ്യുന്ന കാപ്പി ഇവിടെ കൊണ്ടുവന്നത് 1820ല്‍ ആഫ്രിക്കയില്‍ നിന്നുമാണ്. സ്കോട്ടിഷ് കലക്ടര്‍ ആയിരുന്ന ശ്രീ എം ഡി കോക്ബോണ്‍ ആയിരുന്നു ഇതിന്‌ നേതൃത്വം നല്‍കിയത്.

Advertisements

ഏര്‍ക്കോടിന്റെ മറ്റൊരു വലിയ പ്രത്യേകത വനമാണ്. ആരാലും ചൂഷണം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെടുന്ന നിബിഡവനമാണ് ഇവിടുത്തെ മലനിരകള്‍ക്ക് പച്ചപ്പും ഭംഗിയും നല്‍കുന്നത്.ഏര്‍ക്കോടിലെ കാടുകള്‍ക്ക് ഈ നിബിഡത നല്കുന്നത് അവിടെ വളര്‍ന്നു നില്ക്കുന്ന ചന്ദന മരങ്ങളും, തേക്ക് മരങ്ങളും, ഓക്ക് മരങ്ങളുമാണ്. മാന്‍, കുറുക്കന്‍, കീരി, കാട്ടുപോത്ത്, പാമ്പ്‌, അണ്ണാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങളും ബുള്‍ബുള്‍, ഗരുഡന്‍, കുരുവി, മീവല്‍ തുടങ്ങിയ പക്ഷികളും ഈ കാടുകളില്‍ കണ്ടു വരുന്നു. ഏര്‍ക്കോട് ഒരു ഹില്‍ സ്റ്റേഷന്‍ ആണെങ്കിലും മറ്റ് ഹില്‍ സ്റ്റേഷനുകളിലേതു പോലെ അസഹ്ഹ്യമായ തണുപ്പൊന്നും ഇവിടെയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ തണുപ്പിനെ അകറ്റാന്‍ വേണ്ട വസ്ത്രങ്ങളൊന്നും വിനോദസഞ്ചാരികള്‍ക്ക് കഷ്ടപ്പെട്ട് കൊണ്ടുപോവേണ്ടി വരാറില്ല.

വിനോദസഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഏര്‍ക്കോടിലെ ഒരു ഉത്സവാണ് സമ്മര്‍ ഫെസ്റ്റിവല്‍. മെയ്‌ മാസത്തിലാണ് ഇത്  നടക്കാറുള്ളത്. ഫ്ളവര്‍ ഷോ, ഡോഗ് ഷോ, ബോട്ട് റേസ്, ചന്തകള്‍ എന്നിവയാണ് സമ്മര്‍ ഫെസ്റ്റിവലിന്റെ പ്രധാന ഘടകങ്ങള്‍.

വിനോദസഞ്ചാരങ്ങളില്‍ ഇവിടെ ട്രക്കിംഗ് കൂടെ ഉള്‍പ്പെട്ടിരിക്കുന്നു. ഏര്‍ക്കോടിന്റെ വനാന്തരങ്ങളിലൂടെ ഒരു സാഹസീക യാത്ര. എഴുതപ്പെട്ട ചരിത്രങ്ങളൊന്നും ഏര്‍ക്കോടിനെക്കുറിച്ചില്ല. എങ്കിലും, തെലുങ്ക് രാജാക്കന്മാരുടെ ഭരണ കാലഘട്ടത്തിലാണ് ഏര്‍ക്കോടിലേക്ക് ആദ്യമായ് കുടിയേറ്റം ആരംഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. 1842 ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍, മദ്രാസ് പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്ന സര്‍ തോമസ്‌ മുറോ ആണ് ഏര്‍ക്കോട് കണ്ടെത്തിയത്.

വിനോദസഞ്ചാരികള്‍ക്ക്, അവര്‍ക്ക് വേണ്ട താമസസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏര്‍ക്കോട് വളരെ മുന്‍പന്തിയിലാണ്. ഇടത്തരക്കാര്‍ക്ക് യോജിച്ച തരത്തിലുള്ള ഹോട്ടലുകള്‍, ലക്ഷ്വറി ആവശ്യമുള്ളവര്‍ക്ക് ലക്ഷ്വറി റിസോര്‍ട്ടുകള്‍ തുടങ്ങി ഹോം സ്റ്റേകള്‍ വരെ ഇവിടെയുണ്ട്. ഏര്‍ക്കോട് പ്രശസ്തിയാര്‍ജിച്ച ഒരു ഷോപ്പിങ്ങ് മാര്‍ക്കറ്റ് അല്ലെങ്കില്‍ പോലും, വിനോദസഞ്ചാരികള്‍ക്ക് അവര്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഏര്‍ക്കോടിന്റെ തനതായ വിഭവങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നാടന്‍ എണ്ണകള്‍, പെര്‍ഫ്യൂമുകള്‍, സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ച്  പേക്ക് ചെയ്യുന്ന കുരുമുളക് പൊടി, ഏലയ്ക്ക, കാപ്പി പൊടി തുടങ്ങിയവയാണ് അവയില്‍ ചില ഉല്‍പ്പന്നങ്ങള്‍.

ഏര്‍ക്കാടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കാഴ്ച്ച തന്നെയാണ് ഏര്‍ക്കോടിന്റെ ഭംഗി. അതീവ സുന്ദരമായ താഴ്വരകളും, ഏതോ ഒരു ചിത്രകാരന്‍ വരച്ചു ചേര്‍ത്തത് പോലുള്ള മലനിരകളും കാണുന്നവന്റെ കണ്ണുകള്‍ക്ക്‌ നല്ലൊരു വിരുന്നാണ്. ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച അനിതരസാധാരണമായ അനുപമ ഭംഗിയാണ് വിനോദസഞ്ചാരികള്‍ക്ക് നല്കുന്നത്.

മറ്റൊരു പ്രത്യേകത ഭൂമിശാസ്ത്രപരമാണ്, സമുദ്ര നിരപ്പില്‍ നിന്നും 4700 അടി ഉയരത്തിലാണ് ഏര്‍ക്കോട് സ്ഥിതി ചെയ്യുന്നത്.  വളരെയധികം വീടുകളും, സെമിനാരികളും, കോണ്‍വെന്റുകളും ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ ഭംഗിയോടെ നിര്‍മ്മിക്കുകയും അതുപോലെ തന്നെ നിലനിര്‍ത്തി പോരുകയും ചെയ്യുന്ന, ഏര്‍ക്കോട് ടൌണിലെ രണ്ടു നിര്‍മ്മിതികളാണ് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റും മോണ്ട് ഫോര്‍ട്ട്‌ സ്കൂളും. നല്ലൊരു സായാന്ഹ്ന സവാരി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന കാലാവസ്ഥയും വീഥികളുമാണ് ഇവിടെയുള്ളത്. ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൂന്നു പാറകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

പ്രകൃത്യാ രൂപപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പാറകള്‍ ഏര്‍ക്കോട് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ഇരിപ്പിടങ്ങളുടെ അതേ രൂപഭംഗിയാണ്. ഇവിടെ നിന്നു കഴിഞ്ഞാല്‍ മേട്ടൂര്‍ ഡാമും, മലമ്പാതകളും, സേലവും കാണാന്‍ കഴിയും. ഇവയ്ക്ക് ഇത്തരത്തില്‍ പേര് വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. അത് ഇതാണ്, പണ്ട് ഒരു ഇംഗ്ളീഷ് വനിത മിക്കപ്പോഴും അസ്തമയങ്ങളില്‍ ഇവിടെ വന്നിരുന്ന് വെയില്‍ കായുമായിരുന്നു അവര്‍ ആ സമയത്ത് കണ്ട കാഴ്ചകള്‍ അത്രയും മനോഹരമായിരുന്നു. ഇപ്പോള്‍ ഇവിടെ, കാഴ്ചകള്‍ കാണാന്‍ ഒരു ടവറും അതിലൊരു ടെലസ്കോപ്പും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇത് തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്.

ബിഗ്‌ ലേക്ക്, ബിയേര്‍സ് കെവ്, ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌, അര്‍തെര്‍സ് സീറ്റ്‌, അന്ന പാര്‍ക്ക്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മോണ്ട് ഫോര്‍ട്ട്‌ സ്കൂള്‍, ശേര്‍വരായന്‍ ടെമ്പിള്‍, ശ്രീ രാജ രാജേശ്വരി ടെമ്പിള്‍, ടിപ്പെരാരി വ്യൂ പോയിന്റ്‌ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.