സമ്പൂര്‍ണ കൊവിഡ് വിമുക്ത പദ്ധതിയ്ക്ക് ഉള്ള്യേരിയിൽ തുടക്കമായി
കോഴിക്കോട്: ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കൊവിഡ് വിമുക്ത പദ്ധതിയ്ക്ക് തുടക്കമായി. അടുത്ത ജനുവരിയോടെ പഞ്ചായത്തിനെ പൂര്‍ണമായും കൊവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം. “പകരില്ലെനിക്ക്, പകര്‍ത്തില്ല ഞാന്‍” എന്ന മുദ്രാവാക്യം ജനങ്ങളുടെ ജീവിതചര്യയാക്കും. ഇത്തരമൊരു ബൃഹദ് പദ്ധതി ആവിഷ്‌കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ഉള്ള്യേരി.

‘വിമുക്തം” പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും അഡ്വ.കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ കണ്‍വീനറുമായുള്ള പഞ്ചായത്ത്തല സമിതിയാണ് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുക. പഞ്ചായത്തിലെ 8500 വീടുകള്‍ പത്തു വീതമടങ്ങിയ ചെറിയ യൂനിറ്റുകളാക്കിത്തിരിച്ച് ഓരോ കണ്‍വീനറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ആയിരത്തോളം വളണ്ടിയര്‍മാര്‍ക്കു പുറമെ ആയിരത്തോളം വിദ്യാര്‍ത്ഥി അംബാസിഡര്‍മാരുണ്ടാവും.


സമ്പൂര്‍ണ വാക്‌സിനേഷനും കൊവിഡ് പരിശോധനയും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. സന്നദ്ധ സേവര്‍കര്‍ക്കുള്ള പരിശീലനം ഡോ.മുഹമ്മദ് അഷീലിന്റെ നേതൃത്വത്തില്‍ നടന്നു കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തോടൊപ്പം ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യശീലങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നുണ്ട്.


ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ കെ.ടി. സുകുമാരന്‍, കെ.ബീന, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുരളീധരന്‍, സി.സി.സി കണ്‍വീനര്‍ ഡോ.കെ.രാമകൃഷ്ണന്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ ഗണേശ് കക്കഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.ബാലരാമന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി.കെ.ഫവാസ് ഷെമീം നന്ദിയും പറഞ്ഞു.

