KOYILANDY DIARY

The Perfect News Portal

മധ്യപ്രദേശ്‌- മോഹിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം

ഇന്ത്യയുടെ ഹൃദയം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന മധ്യപ്രദേശ്‌ രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്‌. ചരിത്രം, ഭൂമിശാസ്‌ത്രപരമായ സ്ഥാനം, പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പാരമ്പര്യം, ജനങ്ങള്‍ ഇവയെല്ലാം മധ്യപ്രദേശിനെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാല്‍ തടാകങ്ങളുടെ നഗരമെന്നാണ്‌ അറിയപ്പെടുന്നത്‌. വിനോദസഞ്ചാരികള്‍ക്ക്‌ മധ്യപ്രദേശിലേക്കുള്ള യാത്ര ഒരുനുഭവമാക്കി മാറ്റുന്നതിന്‌ സംസ്ഥാനത്തെ വിനോദസഞ്ചാര വിഭാഗം മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ബാന്ധവ്‌ ഗഡ്‌ ദേശീയോദ്യാനത്തിലെ കടുവ മുതല്‍ ഖജരാവോ ക്ഷേത്രങ്ങളുടെ നിര്‍മ്മിതി വരെ സന്ദര്‍ശകരെ അത്ഭുതത്തിലാഴ്‌ത്തുന്ന കാഴ്‌ചകളഴാണ്‌. മധ്യപ്രദേശ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ യഥാര്‍ത്ഥ ഇന്ത്യയുടെ സൗന്ദര്യം കണ്ടെത്താനുള്ള അവസരമാണ്‌ ലഭിക്കുന്നത്‌.

മധ്യപ്രദേശിന്റെ ഭൂപ്രകൃതി

ഭൂപ്രകൃതിയിലെ വൈവിധ്യവും മധ്യത്തിലായുള്ള സ്ഥാനവും ആണ്‌ സംസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുന്നത്‌. ഉയര്‍ന്ന മലനിരകള്‍, ഹരിത വനങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവ മധ്യപ്രദേശിന്റെ പ്രകൃതിയെ മനോഹരമാക്കുന്നു. വിന്ധ്യ ,സത്‌പുര മലനിരകള്‍ക്കിയിലായി നര്‍മ്മദ, തപ്‌തി നദികള്‍ സമാന്തരമായി ഒഴുകുന്നു. വന്യജീവി സമ്പത്തും പ്രകൃതി സൗന്ദര്യവുമാണ്‌ മധ്യ പ്രദേശ്‌ വിനോദ സഞ്ചാരത്തിന്റെ പ്രധാന സവിശേഷത.

Advertisements

ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും

നിരവധി രാജ വംശങ്ങളുടെ ഭരണത്തിന്‌ സാക്ഷ്യം വഹിച്ച നാടാണ്‌ മധ്യപ്രദേശ്‌. മൗര്യ, രാഷ്‌ട്രകുത, ഗുപ്‌ത രാജ വംശങ്ങള്‍ മുതല്‍ ബണ്ടില, ഹോള്‍ക്കാര്‍, മുഗള്‍, സിന്ധി വരെയുള്ള പതിനാലോളം രാജവംശങ്ങളുടെ ഉയര്‍ച്ചയും താഴ്‌ചയും കണ്ട നാടാണിത്‌. വിവിധ ഭരണാധികാരികള്‍ കടന്നു പോയത്‌ സംസ്ഥാനത്തിന്റെ കലയിലും നിര്‍മ്മിതിയിലും നിരവധി സംഭവനകള്‍ നല്‍കികൊണ്ടാണ്‌. ഖജരാവോ ശില്‍പങ്ങള്‍, ഗ്വാളിയോര്‍ കോട്ട, ഉജ്ജയനിയിലെയും ചിത്രകൂടിലെയും ക്ഷേത്രങ്ങള്‍ എന്നിവ പഴയകാലത്തെ നിര്‍മ്മാണ രീതികളുടെയും ശില്‍പ ഭംഗിയുടെയും ഉത്തമോദാഹരങ്ങളാണ്‌. ഖജരാവോ, സാഞ്ചി, ഭീംബേത്‌ക എന്നിവ ലോക പൗതൃക സ്ഥലങ്ങളായി യുണെസ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്‌. മധ്യപ്രദേശിലെ ഗോത്ര സംസ്‌കാരവും വിനോദ സഞ്ചാരത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. ഗോന്ദ്‌, ഭില്‍ എന്നിവരാണ്‌ നിലവിലിവിടെയുള്ള രണ്ട്‌ പ്രധാന ഗിരിവര്‍ഗ്ഗക്കാര്‍. ഗോത്രവര്‍ഗ്ഗക്കാരുടെ കലകളും കരകൗശല വസ്‌തുക്കളും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്‌. നാടന്‍ പാട്ടും നൃത്തവും നാടിന്റെ കലാപാരമ്പ്യര്യമാണ്‌.

വനങ്ങളും വന്യ ജീവികളും-മധ്യ പ്രദേശിന്റെ സ്വത്ത്‌

വിന്ധ്യ, സത്‌പുര മലനിരകളും ഹരിതവനങ്ങളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവസ കേന്ദ്രമാണ്‌. വന്യ ജീവി സങ്കേതങ്ങളും , ദേശീയോദ്യാനങ്ങളും മധ്യ പ്രദേശ്‌ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്‌. ബന്ധവ്‌ഗണ്‌ഡ്‌ ദേശീയോദ്യാനം, പെഞ്ച്‌ ദേശീയോദ്യാനം, വാന്‍ വിഹാര്‍ ദേശീയോദ്യാനം, ഖന്‍ഹ ദേശീയോദ്യനം, സത്‌പുര ദേശീയോദ്യാനം, മാധവ്‌ ദേശീയോദ്യാനം, പന്ന ദേശീയോദ്യാനം, എന്നിവ മധ്യപ്രദേശിലെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. വിവിധ ഇനത്തില്‍ പെട്ട പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. നീമച്ചിലെ ഗാന്ധി സാഗര്‍ വന്യ ജീവി സങ്കേതവും പ്രശസ്‌തമാണ്‌. ഇന്ന്‌ ഇക്കോ ടൂറിസത്തില്‍ പ്രമുഖ സ്ഥാനമാണ്‌ മധ്യപ്രദേശിനുള്ളത്‌.

മധ്യ പ്രദേശിലെ വിഭവങ്ങള്‍, മേളകള്‍, ഉത്സവങ്ങള്‍

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ മധ്യപ്രദേശിന്‌ വിനോദ സഞ്ചാര മേഖലയില്‍ നല്ലൊരു സ്ഥാനം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്‌. രാജസ്ഥാനി, ഗുജറാത്തി വിഭവങ്ങളാണ്‌ ഭക്ഷണത്തില്‍ കൂടലായും ഉള്‍പ്പെടുന്നത്‌. സീഖ്‌, ഷാമി കബാബ്‌ തുടങ്ങിയ രാജകീയ ഭക്ഷണങ്ങളാല്‍ തലസ്ഥാന നഗരമായ ഭോപ്പാല്‍ പ്രശസ്‌തമാണ്‌. മധ്യപ്രദേശിലെ എല്ലാ മധുരപലഹാര കടയിലും ജിലേബിയും കശുവണ്ടി ബര്‍ഫിയും ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹാര രീതികള്‍ വ്യത്യസ്‌തമാണ്‌. ഖജരാവോയില്‍ നടക്കുന്ന ഖജരവോ നൃത്തോത്സവം, ഗ്വാളിയോറില്‍ നടക്കുന്ന താന്‍സെന്‍ സംഗീതോത്സവം എന്നിവ ലോക്‌ പ്രശസ്‌തമാണ്‌. ഗ്രാമങ്ങളില്‍ നടക്കുന്ന മാധൈ ഉത്സവം, ഭഗോരിയ ഉത്സവം എന്നിവയാണ്‌ ഇവിടുത്തെ ഗോത്ര സമൂഹങ്ങള്‍ക്കിടയിലെ രണ്ട്‌ പ്രധാന ആഘോഷങ്ങള്‍.