KOYILANDY DIARY.COM

The Perfect News Portal

ഡ്രാഗണ്‍ എന്ന വിദേശിയെ വീടിന്‍റെ ടെറസില്‍ വിളവെടുത്തു

മേപ്പയ്യൂര്‍: വീടിന്‍റെ ടെറസില്‍ ഏഴു മാസം കൊണ്ട് ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുത്തിരിക്കുകയാണ്. കീഴ്പ്പയ്യൂരിലെ ഫുര്‍ഖാന്‍ വീട്ടില്‍ കെ. സിറാജ് മാസ്റ്ററും മക്കളായ ഉമറുല്‍ ഫാറൂഖ്, മര്‍വ മര്‍യവും ഈസാ ഹസനും. ഡ്രാഗണ്‍ എന്ന വിദേശിയെ കീഴടക്കിയ ആത്മ സംതൃപ്തിയാണ് ഈ പഴം നുകരുമ്പോള്‍ ഇവര്‍ക്കനുഭവപ്പെടുന്നത്. മുക്കത്തെ നഴ്സറിയില്‍ നിന്നാണ് ചെടികള്‍ വാങ്ങിച്ചത്. ഗ്രോബാഗില്‍ നട്ട തൈക്ക് ചാണകപ്പൊടി, എല്ലുപൊടി, പച്ചില വളം തുടങ്ങിയവയാണ് ഉപയോഗിച്ചത്. ഉള്‍ഭാഗം പിങ്ക് നിറമുള്ള ഇനമാണിവിടെ വിളയിച്ചത്. പ്രാദേശിക വിപണിയില്‍ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ പഴവിപണിയിലെ പ്രധാന താരമാണ്.

കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. മെക്‌സിക്കോയും അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.

വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിപണിയില്‍ 250 രൂപക്ക് മുകളില്‍ വിലയുണ്ട് ഈ പഴത്തിന്. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ചെടിയും കൃഷി രീതി പരിചയപ്പെടുത്താന്‍ സന്നദ്ധനാണെന്ന് സിറാജ് മാസ്റ്റര്‍ അറിയിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്കൂളിലെ അധ്യാപകനായ സിറാജ് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *