ടി.എം. കുഞ്ഞിരാമൻ നായരുടെ നാലാം ചരമ വാർഷികം
കൊയിലാണ്ടി; ടി എം കുഞ്ഞിരാമൻ നായർ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ടി എം കുഞ്ഞിരാമൻ നായരുടെ നാലാം ചരമ വാർഷികം ആചരിച്ചു. ചെറുപ്രായത്തിൽ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന കുഞ്ഞിരാമൻ നായർ ദീർഘകാലം സി പി ഐ കായിലാണ്ടി മണ്ഡലം സെക്രട്ടറി, ജില്ല കൗൺസിൽ അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. എ ഐ ടി യു സി നേതാവുമായിരുന്നു, ഐതിഹാസികമായ കൂത്താളി സമര മുൾപ്പടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസവും അനുഷ്ഠിച്ചു. എ കെ ജി , എം കെ. കേളു, മൊയാരത്ത് ശങ്കരൻ, ഇ കെ നായനാർ, എം കണാരൻ തുടങ്ങിയവരോടൊത്ത് പ്രവർത്തിച്ചു.

കമ്യൂണിസ്റ്റുകാരന്റെ ഹൃദയവിശാലതയും ആർജവവും രക്തത്തിൽ ആവാഹിച്ച പോരാളിയായിരുന്നു ടി എം. ജന്മി – ഫ്യൂഡൽ വാഴ്ചക്കെതിരെ ചെറുപ്രായത്തിൽ തന്നെ പോരാട്ടത്തിന് ഇറങ്ങിയ ഈ കമ്യൂണിസ്റ്റുകാരൻ അവസാന ശ്വാസംവരെ കർമനിരതനായിരുന്നു . പ്രായം ശരീരത്തെ തളർത്തിയിട്ടും മനസ്സിന്റെ ആത്മ ധൈര്യത്താൽ സമരമുഖങ്ങളിലും പാർട്ടി പരിപാടികളിലും മുന്നണിപ്പോരാളിയായി ഉണ്ടായിരുന്നു. ഉച്ചനീചത്വങ്ങൾക്കെതിരെയും അനീതിക്കെതിരെയും പടക്കിറങ്ങിയതിൽ നിന്നു ലഭിച്ച കരുത്ത് അവസാനകാലം വരെ സഖാവ് കെടാത സൂക്ഷിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ആയിരിക്കണം എന്ന് ജീവിച്ചുകാട്ടുകയായിരുന്നു അദ്ധേഹം. നിലപാടുകളിലെ കാർക്കശ്യം, സ്നേഹത്തിന്റെ തലോടൽ, സത്യസന്ധത, ആത്മാർഥത എല്ലാം ഒത്തുചേർന്ന ടി.എം പാർട്ടിയിലെ പുതു തലമുറയെ ശക്തമാക്കുന്നതിലും ശ്രദ്ധേയ പങ്കുവഹിച്ചു.


പാർട്ടി പ്രവർത്തകർക്ക് പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ, അതു പരിഹരിക്കാനും അവരെ ആശ്വസിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പിതാവിന്റെ സ്നേഹ വായ്പയോടെയായിരുന്നു ചെറുപ്പക്കാരായ പ്രവർത്തകരോട് അദ്ധേഹം പെരുമാറിയിരുന്നത്. സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടേയിരുന്നു.. എല്ലാവർക്കും അദ്ദേഹം ടി എം ആയിരുന്നു. ആ രണ്ടക്കത്തിൽ വിളിപ്പേര് ഒതുങ്ങിയ അദ്ധേഹം ഒരേ സമയം തീ ഉപ്പുന്ന പോരാളിയും സ്നേഹ സമ്പന്നനായ മനുഷ്യനുമായിരുന്നു. ജനങ്ങളുടെ ആദരവും സ്നേഹവും ഏറെ ഏറ്റുവാങ്ങിയ അദ്ധേഹം നിസ്വാർഥനായ പൊതുപ്രവർത്തകനായിരുന്നു . ജനഹൃദയത്തിൽ ടി എം എന്നും മായാത്ത ഓർമയായിരിക്കുമെന്ന് സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.


