കൊയിലാണ്ടി മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്തു

കൊയിലാണ്ടി: മണ്ഡലത്തിൽ വകുപ്പുകളുടെ മുൻ കൈയ്യിൽ എം.എൽ.എ ഫണ്ടും, സർക്കാർ ഫണ്ടും വിനിയോഗിച്ച് നടത്തി വരുന്ന വിവിധ പ്രവൃത്തികളുടെ അവലോകനം യോഗം നടന്നു. കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗം, ഇലക്ട്രിക്കൽ വിഭാഗം, റോഡ്സ് വിഭാഗം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, തീരദേശ വികസന കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി, കുറ്റ്യാടി ജലസേചന പദ്ധതി വിഭാഗം തുടങ്ങിയ വകുപ്പുകളിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർമാർ അസിസ്റ്റന്റ് എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി നിർമ്മിക്കുന്ന ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന്റെ ടെണ്ടർ നടപടികൾ വേഗത്തിലാക്കാനും ആന്തട്ട ഗവ.യു.പി സ്കൂൾ കെട്ടിട നിർമ്മാണം 5 മാസത്തിനകം പൂർത്തീകരിക്കാനും തീരുമാനമായി. ഇലക്ട്രിഫിക്കേഷൻ പൂർത്തിയാവാത്ത കെട്ടിടങ്ങളുടെ ഇലക്ട്രിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. മറ്റ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എഞ്ചിനീയർമാർ യോഗത്തിൽ അറിയിച്ചു.


