കൊയിലാണ്ടി നഗരസഭ ലീഗ് കൗൺസിലർക്കെതിരെയുള്ള പരാതിയിൽ ബി.ജെ.പി.ക്ക് മൗനം
കൊയിലാണ്ടി നഗരസഭ ലീഗ് കൗൺസിലർക്കെതിരെയുള്ള പരാതിയിൽ ബി.ജെ.പി.ക്ക് മൗനം. അണികളിൽ അമർഷം. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അതീവ ഗുരുതര ആരോപണ വിധേയനായ നഗരസഭയിലെ 42-ാം വാർഡ് കൗൺസിലറും യൂത്ത് ലീഗ് നേതാവുമായ കെ.എം. നജീബിൻ്റെ സ്വജനപക്ഷപാത നിലപാടിൽ പ്രതിഷേധിച്ച് രാജി ആവശ്യവുമായി ഇടതുമുന്നണി ശക്തമായ സമരത്തിലാണ്. എന്നാൽ കൊയിലാണ്ടിയിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടും അറിഞ്ഞമട്ടില്ലാത്ത നിലയിലാണ് കൊയിലാണ്ടിയിലെ ബിജെപി നേതൃത്വം. എൽ.ഡി.എഫ്.നെതിരെ അനാവശ്യ സമരവുമായി നിരന്തരം രംഗത്തിറങ്ങുകയും പ്രസ്താവനയിറക്കുകയും ചെയ്യുന്ന ബിജെപി നേതൃത്വം കുറ്റകരമായ അനാസ്ഥ കാട്ടിയ ലീഗ് കൌൺസിലറുടെ നടപടിയിൽ ഒരു പ്രസ്താവനപോലും ഇറക്കാൻ തയ്യാറാകാത്തത് യു.ഡി.എഫും ബി.ജെ.പി.യും കാലങ്ങളായി കൊയിലാണ്ടിയിൽ തുടരുന്ന സഖ്യത്തിൻ്റെ ഭാഗമായാണെന്ന് ഇടത് മുന്നണി നേതാക്കൾ പറയുന്നു.

ജനപ്രതിനിധിയായ നജീബ് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ഓഡിയോ സന്ദേശം വ്യാപകമായരീതിൽ പ്രചരിക്കുകയാണ്. ഇതിനെരെ കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ(എം), ഡി.വൈ.എഫ്ഐ, എ.ഐ.വൈ.എഫ് നേതൃത്വത്തിലും, എൽ.ഡി.എഫ്. നേതൃത്വം കൊടുത്തും നജീബിൻ്റെ വീടിന് മുമ്പിൽ രാജി ആവശ്യം ഉയർത്തിപ്പിടിച്ച് പ്രതിഷേധ കൂട്ടായ്മ ഉൾപ്പെടെ നടത്തിവരുകയാണ്. ഇതിനകംതെന്നെ ഓഡിയോ സന്ദേശം തെളിവായി കൊടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു. ഒരു ഭാഗത്ത് ശക്തമായ പ്രക്ഷോഭവും മറു ഭാഗത്ത് നിയമ പോരാട്ടവും നടത്തി നജീബ് രാജിവെക്കുംവരെ എൽ.ഡി.എഫ്. പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്.


ഇത്രയേറെ ഒച്ചപ്പാടുണ്ടായിട്ടും പ്രതികരിക്കാത്ത ബിജെപിയുടെ നിലപാടിൽ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധവും ഉയരുന്നുണ്ട്. സിപിഐ(എം) ബിജെപിക്കെതിരെ ഉയർത്തുന്ന കച്ചവട ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് ബിജെപിയുടെ സജീവ പ്രവർത്തകരുടെയും അഭിപ്രായം. ബി.ജെപി. സംസ്ഥാന സമിതി അംഗത്തോട് ഇക്കാര്യം തിരക്കിയപ്പോൾ അടുത്ത യോഗത്തിന്‌ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് കൊയിലാണ്ടി ഡയറിക്ക് കിട്ടിയ മറുപടി. നഗരസഭയിലെ ബി.ജെ.പി. പ്രതിനിധികളുള്ള രണ്ട് വാർഡുകളിലും വാക്‌സിൻ വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന അതേ നിലപാട്തന്നെയാണെന്ന് ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപവുമുണ്ട്.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടുകളിൽ വലിയ ചോർച്ചയാണ് ഉണ്ടായത്. ഇത് ലീഗ് സ്ഥാനാർത്ഥികൾക്ക് ഉൾപ്പെടെ ജയിക്കാൻ കാരണമായിട്ടുണ്ട്. പല വാർഡുകളിലും ബി.ജെ.പി.ക്ക് 50 ശതമാനത്തിലേറെ വോട്ടുകളാണ് നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പ് സമയത്ത് 39-ാം വാർഡിലെ ഒരു ലീഗ് നേതാവിൻ്റെ വീട്ടിൽ ബി.ജെ.പി. യു.ഡി.എഫ്. നേതാക്കൾ ഒത്തുകൂടി രഹസ്യ യോഗം നടന്ന സംഭവം ഉണ്ടായിരുന്നു. ഇത് വോട്ട് കച്ചവടത്തിനായിരുന്നു എന്ന് അന്നേ ചർച്ച ഉണ്ടായരുന്നു. ഇതിൻ്റെ പ്രത്യുപകാരമായാണ് ഇപ്പോൾ ബിജെപി ലീഗ് കൌൺസിലർക്കെതിരെ സമരരംഗത്തിങ്ങാത്തതെന്ന് പ്രവർത്തകരിൽ ഭൂരപക്ഷവും അഭിപ്രായപ്പെടുന്നത്.


