മുത്താമ്പിയിലെ തെരുവ് നായ ശല്യം പരിഹരിക്കണം
കൊയിലാണ്ടി: മുത്താമ്പിയിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രദേശത്തെ നാട്ടുകാരുടെയും, വ്യാപാരികളുടെയും ഒപ്പ് ശേഖരിച്ചു കൊണ്ട് മുൻസിപ്പൽ സെക്രട്ടറിക്ക് മാസ്സ് പെറ്റിഷൻ സമർപ്പിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് നാല് പേർക്ക് തെരുവ് നായയുടെ കടി ഏറ്റ് ചികിത്സ തേടിയിരുന്നു.

ബൈക്ക് യാത്രക്കാരുടെ കുറുകെ ചാടി അപകടം സൃഷ്ടിക്കുകയും, കാൽനട യാത്ര ക്കാർക്ക് ഭീതിയോടെ നടന്നു പോകേണ്ട അവസ്ഥ യുമാണ് നിലവിൽ മുത്താമ്പിയിൽ ഉള്ളത്. വർധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് അധികാരികൾ ഉടൻ പരിഹാരം കാണണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റാഷിദ് മുത്താമ്പിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണത്തിൽ എം. കെ ബാബു രാജ്, നജീബ് ഒറവങ്കര, ശ്രീധരൻ നായർ, പുഷ്പശ്രീ എന്നിവർ പങ്കെടുത്തു.

