കൊയിലാണ്ടി നഗരസഭയിലെ 3 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
കൊയിലാണ്ടി: WIPR 10 ൽ കൂടുതലുള്ള കൊയിലാണ്ടി നഗരസഭയിലെ 3 വാർഡുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്‌റ് സോണായി പ്രഖ്യാപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി 34, 35, 43 വാർഡുകളിൽ താഴെപറയുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവാകുന്നു, 1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു . ഇവ രാവിലെ 7.00 മണിമുതൽ ഉച്ചയ്ക്ക് 2.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്. 34, 35 വാർഡുകൾ ചെറിയമങ്ങാട് ചാലിൽപറമ്പ് ഭാഗങ്ങളിലും, വാർഡ് 43 കൊല്ലം പിഷാരികാവ് ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശവുമാണ്.
2. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരിക്കേഡിംഗ് നടത്തേണ്ടതാണ്. ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്.

3. മേൽ പറഞ്ഞിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.

4. മേൽ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് .

