KOYILANDY DIARY

The Perfect News Portal

ലക്ഷദ്വീപ് – കാഴ്ചയുടെ സ്വര്‍ഗം ഈ ദ്വീപുകള്‍

ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ലക്ഷദ്വീപ് കണ്ടശേഷമാണോ നിങ്ങളിത് വിളിക്കുന്തത് എന്നൊന്ന് ചോദിച്ചുനോക്കണം, അപ്പോഴറിയാം കാര്യം. കൊച്ചുകേരളത്തിന്റെ ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്താവുന്ന ദൂരത്തുണ്ട് കാഴ്ചയുടെ സുവര്‍ണവിസ്മയമായി ലക്ഷദ്വീപ്. ഏതാണ്ട് 250 കിലോമീറ്ററോളം അകലത്തായി. അതുമാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയോ മറ്റ് നൂലാമാലകളോ ഇല്ലാതെ പാട്ടും പാടി പോയി കണ്ട് തിരിച്ചുവരാവുന്ന സ്ഥലമാണിത്, ലക്ഷദ്വീപ്.

ലക്കദ്വീപ് എന്നായിരുന്നു ഇവിടം മുന്‍പ് വിളിക്കപ്പെട്ടിരുന്നത്. ചെറുതും വലുതുമായ 39 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്.  മനോഹരമായ കടല്‍ത്തീരങ്ങളും കാഴ്ചകളുമായി വളരെ പെട്ടെന്നാണ് ലക്ഷദ്വീപ് വിനോദസഞ്ചാര ഭൂപടത്തില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയത്. 4200 ചതുരശ്ര കിലോമീറ്ററോളം ലഗൂണ്‍ പ്രദേശവും 36 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദ്വീപ് പ്രദേശവുമാണ് ചുരുക്കത്തില്‍ ലക്ഷദ്വീപ് എന്നും പറയാം. കടലോരക്കാഴ്ചകളും വാട്ടര്‍സ്‌പോര്‍ട്‌സും ഒരുക്കി 132 കിലോമീറ്റര്‍ നീളത്തിലാണ് ലക്ഷദ്വീപിന്റെ ബീച്ച് നീണ്ടുകിടക്കുന്നത്.

അല്‍പം ചരിത്രം

1947 ആഗസ്ത് 15 ന് ഇന്ത്യ സ്വതന്ത്രയായതോടെ ലക്ഷദ്വീപും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. എന്നാല്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ലക്ഷദ്വീപിനുമേല്‍ പാകിസ്താന്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നതായി വാദങ്ങളുണ്ട്. ഇന്ത്യന്‍ പതാകയുമായി ദ്വീപിലേക്ക് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സൈന്യത്തെ അയക്കുകയാണ് പിന്നീട് ഉണ്ടായത്.

Advertisements

മിഡില്‍ ഈസ്റ്റ് ഭാഗത്തുനിന്നുള്ള ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഇന്ത്യന്‍ നേവിയുടെ ക്യാംപ് ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്നു. ദ്വീപുകളിലെ മനോഹര കാഴ്ചകളും ഫണ്‍ ആക്ടിവിറ്റീസുമാണ് ഇവിടെ പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മനോഹരമായി സംരക്ഷിക്കപ്പെടുന്നതാണ് ഇവിടത്തെ പ്രകൃതിയുമ മറ്റുകാര്യങ്ങളും. ലക്ഷദ്വീപിന്റെ ഡൊമസ്റ്റിക് വിമാനത്താവളം സ്ഥിതിചെയ്യുന്ന അഗത്തിയും മദ്യം ഉപയോഗിക്കാന്‍ അനുമതിയുള്ള ബംഗാവുമാണ് ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ദ്വീപുകള്‍.

മത്സ്യവും മറ്റ് കടല്‍വിഭവങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ട്യൂണ മത്സ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയാണീ കടലുകള്‍. നഗരജീവിതത്തില്‍ നിന്നും ഒരു വിടുതല്‍ ആഗ്രഹിച്ചെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ വിഭവങ്ങളെല്ലാം ഇവിടെയുണ്ട് എന്നതില്‍ തര്‍ക്കമില്ല.

മീന്‍പിടുത്തത്തിനും മറ്റ് വിനോദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട്. പറയാതെ വയ്യ, ഇവയ്‌ക്കെല്ലാമുപരിയാണ് ഇവിടത്തെ സ്‌കൂബ ഡൈവിംഗ് അനുഭവം. പരിചയസമ്പന്നരായ പല ഡൈവര്‍മാരും ഏറെ പുകഴ്ത്തിയിട്ടുള്ളതാണ് ലക്ഷദ്വീപിലെ മനോഹരമായ സ്‌കൂബ ഡൈവിംഗ് അനുഭവം. സാധാരണ ഗതിയില്‍ 30 മീറ്റര്‍ വരെയാണ് സ്‌കൂബ ഡൈവിംഗിന് അനുമതിയുള്ളത്. എന്നാല്‍ മെയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്രം ലഭിക്കും. നീലനിറത്തിലുള്ള ലഗൂണുകള്‍ ഇവിടെ കാണപ്പെടുന്നു.

ലക്ഷദ്വീപിലെ മനോഹരമായ റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്ക് ശരിക്കും അവധിക്കാലത്തിന്റെ മൂഡ് നല്‍കുന്നതാണ്. ഇന്ത്യയിലെ ട്രോപ്പിക്കല്‍ അനുഭവം തരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ലക്ഷദ്വീപ് എന്ന കാര്യത്തില്‍ സംശയം വേണ്ട.