പൂക്കാട് കലാലയം കളി ആട്ടം ഞായറാഴ്ച സമാപിക്കും
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ അഞ്ച് ദിവസമായി തുടരുന്ന കളി ആട്ടം അക്ഷരാർത്ഥത്തിൽ കുട്ടികളുടെ സാന്ത്വന മഹോത്സവമായി പരിണമിക്കുന്നു. ഞായറാഴ്ച സമാപനം നടക്കും. എല്ലാ ദിവസവും യോഗ പരിശീലനത്തോടെ ആരംഭിക്കുന്ന കേമ്പിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്ന തിയറ്റർ ആക്ടിവിറ്റികളിലെ പങ്കാളിത്തം പഠാലയങ്ങളും കളി നിലങ്ങളും കൊട്ടിയടയ്ക്കപ്പെട്ട കുട്ടികൾക്ക് മുമ്പിൽ വലിയ അവസരമാണ് തുറന്ന് കൊടുക്കപ്പെട്ടത്. വീട്ടിലും പരിസരത്തും ലഭ്യമാകുന്ന പ്രകൃതിജന്യ സാധ്യതകളെ ഉപയോഗപ്പെടുത്തി വീട്ടിൽ വെച്ച് ഏകാഭിനയം നടത്തിയാണ് കുട്ടികൾ ക്രിയേറ്റീവ് ഡ്രാമയിൽ അണി ചേരുന്നത്. കുട്ടികളുടെ നാടക പ്രവർത്തകൻ മനോജ് നാരായണനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ക്യാമ്പിൽ നടക്കുന്ന സല്ലാപം വേദിയിൽ വിവിധ കർമ്മമേഖലയിൽ പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നേറിയവർ കുട്ടികൾക്ക് സാന്ത്വനമേകി. പ്രശസ്ത കഥാകത്ത് ടി. പത്മനാഭൻ, ദേശീയ കായിക താരം അഞ്ജു ബേബി ജോർജ്, പ്രശസ്ത കവി റഫീഖ് അഹമ്മദ്, ശാസ്ത്ര സാഹിത്യകാരൻ പാപ്പൂട്ടി മാസ്റ്റർ, ഡോ.അനൂപ് കുമാർ, ഡോ.ഖദീജ മുംതാസ്, കൂടിയാട്ടം കലാകാരി കപില വേണു എന്നിവർ ഓൺ ലൈൻ സല്ലാപത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.


